കള്ളക്കടത്തുകാരിൽ നിന്ന് രക്ഷിച്ച മൂന്നു കാലുകളുള്ള ലോകത്തിലെ അപൂർവ്വ ഇനം പ്ലോഷെയർ ആമ മൃഗശാലയിൽ സുഖം പ്രാപിക്കുന്നു. ഹോങ്കോംഗ് കസ്റ്റംസ് ഉദ്യോഗസ്ഥർ ആണ് ആമയെ കള്ളക്കടത്തുകാരിൽ നിന്ന് രക്ഷിച്ചത്. പ്ലോഷെയർ ആമയായ ഹോപ്പിന് യുകെയിലെ ചെഷയറിലെ മൃഗശാലയിൽ ആണ് സംരക്ഷണം ഒരുക്കിയിരിക്കുന്നത്.
ചെഷയറിൽ എത്തുന്നതിന് മുമ്പ് തന്നെ ആമയുടെ മുൻകാല് നഷ്ടപ്പെട്ടിരുന്നു. ആമയ്ക്ക് വീണ്ടും ചലിക്കാനായി ചക്രക്കാലുകൾ ഘടിപ്പിച്ചിരിക്കുകയാണിപ്പോൾ. കിഴക്കൻ ആഫ്രിക്കയിലെ കൊമോറോ ദ്വീപുകളിൽ നിന്നുള്ള കള്ളക്കടത്തു സംഘത്തിൽ നിന്നാണ് ആമയെ കണ്ടെത്തിയത്. 2019 ൽ ഹോങ്കോംഗ് കസ്റ്റംസ് ഉദ്യോഗസ്ഥർ ആണ് ഒരു സ്യൂട്ട്കേസിൽ ആമയെ ഏറ്റെടുത്തത്. കള്ളക്കത്തുകാരെ പിന്നീട് രണ്ട് വർഷം ജയിലിലടച്ചു.
മഡഗാസ്കറിൽ കണ്ടുവരുന്ന പ്ലോഷെയർ ആമകൾ ലോകത്തിലെ ഏറ്റവും അപൂർവ വിഭാഗത്തിൽ പെടുന്ന ഒന്നാണ്.300 ൽ താഴെ മാത്രം പ്ലോഷെയർ ആമകളെ അവശേഷിക്കുന്നുള്ളൂവെന്ന് ചെഷയർ മൃഗശാലയിലെ ഡോക്ടർ ജെറാർഡോ ഗാർസിയ പറഞ്ഞു. ഇതിൽ മഡഗാസ്കറിന് പുറത്ത് 63 എണ്ണം മാത്രമാണ് നിലനിൽക്കുന്നത്. ജീവജാലങ്ങളെ സംരക്ഷിക്കാൻ പോരാടുന്ന സുപ്രധാന സംരക്ഷണ പ്രജനന പരിപാടികളുടെ ഭാഗമായാണ് ഇവയെ മഡഗാസ്കറിന് പുറത്ത് കൊണ്ടുവന്നതെന്നും മൃഗശാല അധികൃതർ പറഞ്ഞു. കരിഞ്ചന്തയിൽ വലിയ വില ലഭിക്കുന്ന പ്ലോഷെയർ ആമകളെ കള്ളക്കടത്തുകാർ ലക്ഷ്യംവെക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആമയുടെ തോടിൽ നിന്ന് സ്വർണ്ണവും കറുത്ത ഷെല്ലുകളും വേർതിരിച്ചെടുക്കാമെന്നതിനാലാണ് പ്ലോഷെയർ ആമകളെ കള്ളക്കടത്തുകാർ നോട്ടമിടുന്നത്.
മൂന്ന് വർഷം മുമ്പാണ് വംശനാശഭീഷണി നേരിടുന്ന മറ്റ് 56 ആമകൾക്കൊപ്പം ഹോപ്പിനെയും കണ്ടെത്തിയത്. യുകെയിൽ എത്തിയതിന് ശേഷം ഹോപ്പിന്റെ ആരോഗ്യാവസ്ഥ കൂടുതൽ മെച്ചപ്പെട്ടതായി മൃഗശാല അറിയിച്ചു. ശരീരത്തിലെ ചക്രക്കാലുകളോട് ഹോപ്പ് നല്ല രീതിയിലാണ് പ്രതികരിക്കുന്നത്. കൂട്ടത്തിലെ മറ്റ് ആമകളെക്കാൾ വേഗത്തിൽ ഹോപ്പിന് സഞ്ചരിക്കാൻ സാധിക്കുന്നതായും മൃഗശാല അധികൃതർ അറിയിച്ചു.
മൃഗശാലയിലെ പ്രജനന പരിപാടിയിൽ ഹോപ്പിനെ പങ്കെടുപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. പ്ലോഷെയർ ആമകൾ അതിന്റെ അതിജീവനത്തിനായി വലിയ സമ്മർദ്ദത്തിലാണെന്നും, എന്നെന്നേക്കുമായി അതിൻറെ വംശം ഇല്ലാതാകാൻ സാധ്യതയുണ്ടെന്നും മൃഗശാല അധികൃതർ ആശങ്ക അറിയിച്ചു. ഈ ആമകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് ഹോപ്പ് സഹായിക്കുമെന്നും അതിന്റെ വംശനാശം തടയുന്നതിനുള്ള പ്രജനന പരിപാടിയിൽ ഹോപ്പ് ചേരുമെന്നും ഡോക്ടർമാർ കൂട്ടിച്ചേർത്തു.












Discussion about this post