എല്ഡിഎഫ് കണ്വീനര് ഇ.പി. ജയരാജന് ഇൻഡിഗോ വിമാനത്തിൽ ഇനി യാത്ര ചെയ്യില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഇൻഡിഗോ എയർലൈൻസിലെ യാത്രാനുഭവം പങ്കുവെച്ച് യുവതി. സുകന്യ കൃഷ്ണ എന്ന യുവതിയാണ് #SupportIndigo എന്ന ഹാഷ്ടാഗിൽ ഇൻഡിഗോ എയർലൈൻസിനെ പിന്തുണച്ച് രംഗത്തെത്തിയത്.
വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കു നേരെ പ്രതിഷേധമുണ്ടായ സംഭവത്തെ തുടർന്ന് ഇൻഡിഗോ വിമാനത്തിൽ ഇ.പി. ജയരാജന് മൂന്നാഴ്ചത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജയരാജൻ രംഗത്തെത്തിത്.
സുകന്യ കൃഷ്ണ : Facebook In
ജോലിയുടെ ആവശ്യങ്ങൾക്കും പേർസണൽ ആവശ്യങ്ങൾക്കുമായി വിമാനയാത്ര ചെയ്യാൻ ധാരാളം അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. അങ്ങനെയുള്ള യാത്രകളുടെ ഭാഗമായി പല കമ്പനികളുടെയും വിമാനങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട്. അവയിൽ ഏറ്റവും പ്രൊഫഷണലായും കാര്യക്ഷമമായും സൗഹാർദ്ദപരമായും പ്രവർത്തിക്കുന്നത് ഇൻഡിഗോ എയർലൈൻസ് ആണെന്ന് നിസംശയം പറയാം.
വിമാനയാത്രകൾക്ക് ഇടയിലെ രണ്ട് അനുഭവങ്ങൾ പറയാം…
ഒരിക്കൽ എയർ അറേബ്യ വിമാനത്തിൽ യാത്ര ചെയ്യാൻ ഇടയായി. അന്ന് വിമാനത്തിലേക്ക് ബോർഡ് ചെയ്യുന്ന സമയത്ത് അവർ എന്നെ തടയുകയുണ്ടായി. ഒരു ട്രാൻസ് വ്യക്തിയാണ് എന്ന് മനസ്സിലാക്കി വിമാനത്തിലേക്ക് പ്രവേശിക്കുന്നതിൽ നിന്നും അവർ എന്നെ തടഞ്ഞു. ഒരുപാട് സമയത്തെ തർക്കത്തിനും വാഗ്വാദത്തിനും ശേഷമാണ് അവർ എന്നെ യാത്ര ചെയ്യുവാൻ അനുവദിച്ചത്. യാത്രയിൽ ഉടനീളം വളരെ മോശമായും അരോചകമായും അവർ പെരുമാറുകയും ചെയ്തു.
മറ്റൊരു അനുഭവം ഇൻഡിഗോയിലാണ്…
2019 ജൂൺ 17
ബംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് അന്ന് ഞാൻ ഒരു വിമാനയാത്ര ചെയ്യുകയുണ്ടായി. ഇൻഡിഗോയിലാണ് യാത്ര. രാവിലെ ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കും വൈകിട്ട് തിരിച്ചും ഉള്ള യാത്രകൾക്ക് ടിക്കറ്റ് ബുക്ക് ചെയ്തു.
രാവിലെ 7:10 നാണ് ആദ്യത്തെ ഫ്ളൈറ്റ്. കോറമംഗലയിലെ വീട്ടിൽ നിന്നും വെളുപ്പിനെ ബൈക്കിൽ എയർപോർട്ടിൽ എത്തി. വെബ് ചെക്കിൻ ചെയ്ത് ആണ് വീട്ടിൽ നിന്നും ഇറങ്ങിയത്. ഹാൻഡ് ബാഗേജ് മാത്രമായി യാത്ര ചെയ്യുന്നതിനാൽ കിയോസ്കിൽ നിന്നും ബോർഡിംഗ് പാസ്സ് പ്രിന്റ് ചെയ്ത്, നേരിട്ട് സെക്യൂരിറ്റി ചെക്ക് ചെയ്തു.
ബോർഡിംഗ് തുടങ്ങാൻ ഒരു മണിക്കൂറോളം ബാക്കി ഉണ്ടായിരുന്നതിനാൽ ലോഞ്ചിൽ പോയി ഇരുന്നു. ഭക്ഷണം കഴിക്കുന്നതിന് ഇടയിൽ ഒരു ഫോൺ കാൾ വന്നു. ഇൻഡിഗോയിൽ നിന്നുമാണ്…
“മാഡം എപ്പോഴാണ് വരിക?” എന്ന് മറുതലയ്ക്കൽ നിന്നും അന്വേഷണം. “ഞാൻ എത്തി, സെക്യൂരിറ്റി ചെക്ക് കഴിഞ്ഞ് ഇപ്പോൾ ലോഞ്ചിൽ ഉണ്ട്.” എന്നും മറുപടി നൽകി. “അവിടെ വെയിറ്റ് ചെയ്യാമോ മാഡം, assigned ഗേറ്റ് വഴി ബോർഡ് ചെയ്യേണ്ട, ഞങ്ങൾ ഇപ്പോൾ വരാം.” എന്നും മറുതലയ്ക്കൽ നിന്ന് പറഞ്ഞു. ആദ്യമായിട്ടാണ് ഇങ്ങനൊരു അനുഭവം എന്നതിനാൽ അല്പം ടെൻഷൻ തോന്നി. എന്തിനാണ് അവർ ഇങ്ങോട്ട് വരുന്നത്? എന്ന് ഓർത്തു.
അധികം വൈകാതെ ഇൻഡിഗോ എയർലൈൻസിന്റെ 4-5 പ്രതിനിധികൾ അവിടേയ്ക്ക് വരുന്നു. കയ്യിൽ ഒരു ബൊക്കെ ഒക്കെയുണ്ട്. എന്റെ അടുത്ത് വന്ന്, ഷേക്ക് ഹാൻഡ് ഒക്കെ നൽകി പരിചയപ്പെട്ടു. “ഈ വർഷത്തെ പ്രൈഡ് മാസത്തിൽ ഞങ്ങളുടെ പ്രൈഡ് അംബാസിഡർ ആയി മാഡത്തെ തിരഞ്ഞെടുത്തിട്ടുണ്ട്. അത് മാഡത്തെ അറിയിക്കാനും വിമാനത്തിലേക്ക് കൊണ്ടുപോകാനുമാണ് ഞങ്ങൾ വന്നത്.” എന്ന് അവർ പറഞ്ഞു.
പ്രേമം സിനിമയിൽ പറയുന്ന പോലെ… “നിങ്ങൾക്ക് ആള് മാറി പോയോ എന്നൊരു സംശയം.” എന്ന രീതിയിൽ ആയിരുന്നു എന്റെ ഭാവം. അവർ എനിക്ക് ബൊക്കെയും ഒരു ഗിഫ്റ്റ് ഹാമ്പറും ഒക്കെ നൽകി.
ബോർഡിംഗ് കഴിയാൻ കുറച്ച് സമയം എടുക്കും, അത് കഴിഞ്ഞ് നമുക്ക് പോകാം എന്ന് പറഞ്ഞ് സെൽഫി എടുത്തും വിശേഷങ്ങൾ പറഞ്ഞും അവർ എന്റെയൊപ്പം തന്നെ ഉണ്ടായിരുന്നു. കുറച്ച് സമയം കഴിഞ്ഞ് അവരിൽ രണ്ട് പേർ എന്റെ ഒപ്പം വന്ന്, ഗേറ്റിൽ കാത്ത് കിടന്ന ഇൻഡിഗോ എയർലൈൻസിന്റെ തന്നെ കാറിലേക്ക് എന്നെ കയറ്റി യാത്രയാക്കി. ആ കാർ വിമാനത്തിന്റെ അടുത്ത് എത്തി നിന്നു. അപ്പോഴേക്കും ബോർഡിംഗ് ഒക്കെ കഴിഞ്ഞിരുന്നു.
ഞാൻ വിമാനത്തിലേക്ക് കയറി. ഒരു ക്രൂ അംഗം എനിക്ക് സീറ്റ് ഒക്കെ കാട്ടി തന്നു. ഞാൻ ഇരുന്നു. മറ്റൊരു ക്രൂ അംഗം എന്നെ വന്ന് പരിചയപ്പെട്ടു. അവരും എനിക്ക് ഒരു ഗിഫ്റ്റ് ബോക്സ് ഒക്കെ തന്നു. എനിക്ക് ഒന്നും മനസ്സിലാകാത്ത അവസ്ഥ. ചുറ്റുമുള്ള യാത്രക്കാർ എന്നെ ശ്രദ്ധിക്കുന്നു. ആദ്യമായാണ് ഇങ്ങനെ ഒരു അനുഭവം. എന്തായാലും ഞാനും ഗമയിൽ അങ്ങ് ഇരുന്നു. വിമാനം പറന്ന് ഉയർന്നു. അല്പം കഴിഞ്ഞ് പതിവ് പോലെ ക്യാപ്റ്റന്റെ സംസാരം കേൾക്കാം. പുള്ളി കാര്യങ്ങൾ എല്ലാം പറഞ്ഞ ശേഷം, “ഇന്ന് നമ്മോടൊപ്പം ഒരു സ്പെഷ്യൽ ഗസ്റ്റ് ഉണ്ട്…” എന്നും പറഞ്ഞ് എന്നെ പരിചയപ്പെടുത്താൻ തുടങ്ങി. നല്ലൊരു കയ്യടിയും. ശരിക്കും പറഞ്ഞാൽ കണ്ണ് നിറഞ്ഞ് ഒഴുകി.
ജീവിതത്തിൽ എപ്പോഴും എല്ലായിടത്തും അവഗണനയും പരിഹാസവും മാത്രം കേട്ട് ശീലമുള്ള ഒരാൾക്ക് ആകാശത്ത് വെച്ച്, ആകാശം മുട്ടുന്ന പോലെ ഒരു അംഗീകാരം. കണ്ണ് നിറഞ്ഞ് ഒഴുകുന്ന എന്നെ ഒരു ക്രൂ മെമ്പർ ഓടി വന്ന് ചേർത്ത് പിടിച്ചു. “You deserve it, dear.” എന്നൊരു വാക്കും.
വിമാനം തിരുവനന്തപുരത്ത് ലാൻഡ് ചെയ്തു. എല്ലാവരും ഇറങ്ങിയ ശേഷം ഇറങ്ങാം എന്ന് കരുതി. ഇത്രയും ഗംഭീരമായ ഒരു അനുഭവം എനിക്ക് സമ്മാനിച്ച ക്രൂ അംഗങ്ങൾക്ക് ഒരു നന്ദി പറഞ്ഞ് ഇറങ്ങാം എന്ന് ഓർത്തു.
എല്ലാവരും ഇറങ്ങിയ ശേഷം, ഞാൻ എഴുന്നേറ്റ് അവരുടെ അടുത്തേക്ക് നടന്നു. അവരോട് യാത്ര പറഞ്ഞ് ഇറങ്ങാൻ നേരം ഒരു ക്രൂ അംഗം എനിക്ക് ഒരു ഹഗ്ഗും തന്നു. വിമാനത്തിൽ നിന്നും ബോർഡിംഗ് ബ്രിഡ്ജിലേക്ക് കടക്കും വരെ പുള്ളിക്കാരത്തി എന്റെ ഒപ്പം വന്നു, “She is all yours…” എന്നും പറഞ്ഞ് പുറത്ത് കാത്ത് നിന്ന ചിലരെ നോക്കി പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തിലെ ഇൻഡിഗോ ഉദ്യോഗസ്ഥരാണ്.
ബംഗളൂരുവിൽ ലഭിച്ച പോലെ ഒരു വൻ വരവേൽപ്പ് ഇവിടെയും. സ്വന്തം നാട്ടിൽ ആദ്യമായാണ് എനിക്ക് ഒരു അംഗീകാരം ലഭിക്കുന്നത്. അവരിൽ ഒരാൾ സ്വന്തമായി ഉണ്ടാക്കിയ അതി മനോഹരമായ ഒരു ഗ്രീറ്റിംഗ് കാർഡും ബൊക്കെയും എനിക്ക് നൽകി. എന്നെ എയർപോർട്ടിന് പുറത്ത് എത്തിച്ച് അവരുടെ കാറിൽ, എന്നെ ഹോട്ടലിൽ എത്തിച്ച ശേഷമാണ് ഇൻഡിഗോ പ്രതിനിധി തിരികെ പോയത്.
ഇതാണ് ഇൻഡിഗോ… അന്ന് മുതൽ ഇന്നോളം എന്റെ വിമാനയാത്രകൾക്ക് ഞാൻ തിരഞ്ഞെടുക്കുന്നത് ഇൻഡിഗോ എയർലൈൻസാണ്. ഇൻഡിഗോ ലഭ്യമല്ലെങ്കിൽ മാത്രമാണ് മറ്റൊരു ഓപ്ഷൻ നോക്കുക പോലും…
പിന്നീട്, എന്റെ പിറന്നാൾ ദിവസം സ്പെഷ്യൽ ഗ്രീറ്റിംഗ്സ് സോഷ്യൽ മീഡിയ വഴി പോസ്റ്റ് ചെയ്ത് വീണ്ടും ഞെട്ടിച്ചു. സിനിമാ/സ്പോർട്സ് സെലിബ്രിറ്റികൾക്കും വിവിഐപികൾക്കും മാത്രമാണ് ഇത്തരം പിറന്നാൾ ആശംസകൾ ഞാൻ കണ്ടിട്ടുള്ളത്.
ഇന്ന് ഇൻഡിഗോയിൽ ഒരു വലിയ സൗഹൃദവലയം തന്നെ എനിക്കുണ്ട്. ഏത് എയർപോർട്ടിൽ ആണെങ്കിലും ഇൻഡിഗോ സൗഹൃദങ്ങൾ വലിയ സഹായവും സന്തോഷവുമാണ്.
മനുഷ്യരായി പോലും ഞങ്ങളെ അംഗീകരിക്കാത്ത പല വിമാനക്കമ്പനികളും ഇന്നുമുണ്ട്. അവർക്കിടയിലാണ് ഇൻഡിഗോ വ്യത്യസ്തമാകുന്നത്. മനുഷ്യരെ മനുഷ്യരായി കണ്ട് ചേർത്ത് പിടിക്കുന്നവർ. പ്രിയസുഹൃത്തുക്കൾ.
അവരെയാണ് ചില രാഷ്ട്രീയ കോമരങ്ങൾ, സ്റ്റാൻഡേർഡ് ഇല്ലാത്തവർ എന്നും നിലവാരം ഇല്ലാത്തവർ എന്നും ഒക്കെ പറയുന്നത്. സ്ത്രീകളെ പോലും ബഹുമാനിക്കാൻ അറിയാത്ത ഇവന്മാർ ഇൻഡിഗോയുടെ സ്റ്റാഫ് ട്രയിനിംഗിന് വിധേയരാവണം എന്നാണ് എന്റെ പക്ഷം. അങ്ങനെയെങ്കിലും മനുഷ്യരെ ബഹുമാനിക്കാൻ ഇവരൊക്കെ പഠിക്കട്ടെ.
ഇൻഡിഗോയുടെ തീരുമാനം മാതൃകാപരമാണ്. ഇൻഡിഗോയ്ക്ക് ഐഖ്യദാർഡ്യം. ഒപ്പം ഒത്തിരി സ്നേഹവും…
Discussion about this post