കൊച്ചി: ലോകത്തിന് മുന്നിൽ ഭാരതത്തിന്റെ ശക്തി പ്രദർശിപ്പിച്ച് ഐഎൻഎസ് വിക്രാന്ത്. ഭാരതം തദ്ദേശിയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനിക്കപ്പൽ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. ഇതോടെ തദ്ദേശിയമായി വിമാനവാഹിനികപ്പൽ നിർമ്മിക്കാൻ ശേഷിയുള്ള ലോകത്തിലെ ആറ് രാജ്യങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ഇന്ത്യ. അമേരിക്ക, റഷ്യ, ബ്രിട്ടൻ, ചൈന, ഫ്രാൻസ് എന്നീ ലോക രാഷ്ട്രങ്ങളുടെ കൂട്ടത്തിലേയ്ക്കാണ് കരുത്ത് കാട്ടി ഭാരതം കടന്നിരിക്കുന്നത്. ഭാരതത്തിന്റെ നേട്ടത്തിൽ വിക്രാന്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാം കരങ്ങൾക്കും പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി അറിയിച്ചു.
ഐഎൻഎസ് വിക്രാന്ത് കേവലമൊരു യുദ്ധകപ്പൽ മാത്രമല്ല. 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ കഠിനാധ്വാനത്തിന്റെയും കഴിവിന്റെയും സ്വാധീനത്തിന്റെയും പ്രതിബദ്ധതയുടെയും സമർപ്പണത്തിന്റെയും തെളിവാണെന്ന് നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തിന് പുതിയ ഒരു ആത്മവിശ്വാസം പകർന്ന ഐഎൻഎസ് വിക്രാന്ത് ഭാരതത്തിന്റെ നാവികസേനയെ കൂടുതൽ ശക്തിപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഭാരതത്തിന് സമാധാനവും ശക്തിയും ആവശ്യമാണ്. അത്തരത്തിൽ സമാധാനവും സുരക്ഷിതവുമായ ഒരു ലോകത്തിലേക്ക് ഇന്ത്യ നയിക്കപ്പെടുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും പ്രധാനമന്ത്രി ചരിത്ര നിമിഷത്തിൽ കൂട്ടിച്ചേർത്തു.
ഐ എൻ എസ് വിക്രാന്തിലൂടെ ഛത്രപതി ശിവാജിയുടെ നാവിക വീര്യത്തെയാണ് ഭാരതം വീണ്ടെടുത്തിരിക്കുന്നത്. ഛത്രപതി ശിവാജിയുടെ നാവിക വൈഭവവും നാവിക സേനയേയും കണ്ട് ശത്രുക്കൾ അമ്പരന്നിരുന്നു. ആ കരുത്താണ് നാം പുരനരുജ്ജീവിപ്പിച്ചതെന്നും വിക്രാന്ത് എന്നാൽ വിശാലവും വിരാടവും വിഹംഗവും വിശിഷ്ടവുമാണെന്നും പ്രധാനമന്ത്രി വിശേഷിപ്പിച്ചു. രാജ്യത്തിന്റെ സമുദ്രാർത്തികൾക്ക് കവചമായി ഇനി വിക്രാന്ത് ഉണ്ടാകും. ഒഴുകുന്ന ഈ പോരാളി ലോകത്തിലെ തന്നെ ഏറ്റവും വലിയ നാവിക ശക്തികളിലൊന്നായി ഇന്ത്യയെ മാറ്റും.
Discussion about this post