മുംബൈ: ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി കൊല്ലപ്പെട്ട അപകടത്തിന് കാരണമായത് വാഹനത്തിന്റെ അമിത വേഗതയാണെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട മിസ്ത്രിയും ജഹാംഗിർ പണ്ഡോലയും സീറ്റ് ബെൽറ്റുകൾ ധരിച്ചിരുന്നില്ലെന്നും പോലീസ് സംശയം പ്രകടിപ്പിച്ചു.
ഇവർ സഞ്ചരിച്ച മെർസിഡസ് എസ് യുവി കടന്നുപോയ പാതയിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. പാൽഗഢിലെ ചരോത്തി ചെക് പോയിന്റ് പിന്നിട്ട വാഹനം 9 മിനിറ്റിനുളളിൽ 20 കിലോമീറ്റർ ദൂരം സഞ്ചരിച്ചിരുന്നതായി പോലീസ് കണ്ടെത്തി. ചെക് പോയിന്റിലൂടെ വാഹനം കടക്കുന്നത് 2.21 നാണ്. അപകടം ഉണ്ടാകുന്നത് 2.30 നുമാണ്.
മിസ്ത്രിയും ജഹാംഗീർ പണ്ഡോലയും അപകടസ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു. മിസ്ത്രിയുടെ തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമായതെന്നും ഡോക്ടർമാർ വ്യക്തമാക്കി. ഇരുവരും വാഹനത്തിന്റെ പിൻസീറ്റിൽ ആയിരുന്നു. മറ്റൊരു വാഹനത്തെ ഓവർ ടേക്ക് ചെയ്യാനുളള ശ്രമത്തിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
ജഹാംഗീറിന്റെ സഹോദരി അനാഹിത പണ്ഡോലെയാണ് വാഹനം ഓടിച്ചത്. ഇവരുടെ ഭർത്താവും മുൻസീറ്റിൽ ഉണ്ടായിരുന്നു. വാഹനത്തിന്റെ എയർബാഗുകളായിരുന്നു മുൻസീറ്റിലിരുന്ന ഇരുവരുടെയും ജീവൻ രക്ഷിച്ചതെന്നും പോലീസ് വിലിയിരുത്തുന്നു.
്അപകടത്തിന് ശേഷം ഇരുവരെയും ഗുജറാത്തിലെ വാപിയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇവരെ മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് വിവരം. മിസ്ത്രിയുടെയും ജഹാംഗീറിന്റെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി മുംബൈയിലെ ജെജെ ആശുപത്രിയിലേക്ക് ഇന്നലെ വൈകിട്ട് മാറ്റിയിരുന്നു.
ഗുജറാത്തിലെ ഉദ് വാദയിലുളള അഗ്നിക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുകയായിരുന്നു സംഘം. 2012 ലാണ് രത്തൻ ടാറ്റയുടെ പകരക്കാരനായി സൈറസ് മിസ്ത്രി ടാറ്റ ഗ്രൂപ്പിന്റെ സാരഥ്യം ഏറ്റെടുക്കുന്നത്. എന്നാൽ 2016 ൽ അദ്ദേഹം പദവി ഒഴിയുകയും ചെയ്തു.
Discussion about this post