കൊച്ചി: വ്യത്യസ്ത രീതിയിലുള്ള വിവാഹ ഫോട്ടോഷൂട്ടുകളും സേവ് ദി ഡേറ്റ് വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ തരംഗമാവുന്ന കാലമാണിത്. ഇതിനിടെയാണ് കേരളത്തിലെ സമകാലിക വിഷയത്തിലേക്ക് ഒരു വിവാഹ ഫോട്ടോ ഷൂട്ട് ശ്രദ്ധയാകർഷിക്കുന്നത്.
കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയ്ക്കെതിരെ കേരള ഹൈക്കോടതിപോലും നിരന്തരം വിമർശനം ഉന്നയിക്കുന്നുണ്ട്. ആ സാഹചര്യത്തിലാണ് റോഡിന്റെ മോശം അവസ്ഥയില്‍ പ്രതിഷേധിച്ചുള്ള ഒരു വിവാഹ ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
നിലമ്പൂര്‍ പൂക്കോട്ടുംപാടം സ്വദേശി സുജീഷയാണ് തന്റെ വിവാഹ ദിനത്തില്‍ പൊട്ടിപ്പൊളിഞ്ഞ റോഡില്‍ ഫോട്ടോഷൂട്ട് നടത്തിയത്. സമീപ പ്രദേശത്തെ റോഡ് ശോചനീയാവസ്ഥ വ്യക്തമാക്കുകയായിരുന്നു ലക്ഷ്യം. സമൂഹമാധ്യമങ്ങളിൽ വൻ സ്വീകര്യതയാണ് സുജിഷയുടെ ഈ ഫോട്ടോ ഷൂട്ടിന് ലഭിച്ചിരിക്കുന്നത്.
വിവാഹ സാരിയില്‍ അണിഞ്ഞൊരുങ്ങി പൊട്ടിപ്പൊളിഞ്ഞ റോഡില്‍ നില്‍ക്കുകയാണ് വധു. ചെളി കെട്ടിക്കിടക്കുകയാണ് ഇരു വശവും. കുഴിയും ചെളിയും നിറഞ്ഞ റോഡില്‍ നില്‍ക്കുന്ന വധുവിനെ ആണ് ദൃശ്യങ്ങളില്‍ കാണുന്നത്. ചെളിയില്‍ വീഴാതെ നടക്കാന്‍ ശ്രമിക്കുന്ന വധുവിനെയും ദൃശ്യങ്ങളില്‍ കാണാം.
Discussion about this post