ന്യൂഡൽഹി: 2023 ലെ വനിതാ ടി -20 ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്താനുമായി. ഫെബ്രുവരി 12 ന് കേപ്ടൗണിലാണ് മത്സരം നടക്കുക. ഇന്ത്യ ഉൾപ്പെടുന്ന ഗ്രൂപ്പ് രണ്ടിൽ ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, പാകിസ്താൻ, അയർലൻഡ് എന്നിവരാണ് ഉളളത്. 10 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.
2023 ഫെബ്രുവരി 10 മുതൽ 26 വരെ ദക്ഷിണാഫ്രിക്കയിലാണ് മത്സരം. പൂർണ മത്സരക്രമം ഐസിസി പുറത്തുവിട്ടു. ഫെബ്രുവരി 15 ന് കേപ് ടൗണിൽ വെച്ച് തന്നെയാണ് ഇന്ത്യയുടെ രണ്ടാം മത്സരവും. വെസ്റ്റ് ഇൻഡീസ് ആണ് എതിരാളികൾ. മൂന്നാം മത്സരത്തിൽ ഫെബ്രുവരി 18 ന് ഇംഗ്ലണ്ടിനെയും നാലാം മത്സരത്തിൽ അയർലൻഡിനെയും ഇന്ത്യ നേരിടും.
കേപ് ടൗണിൽ ഫെബ്രുവരി 10 ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ നേരിടും. ഫെബ്രുവരി 26 നാണ് ഫൈനൽ. അതിനും കേപ്ടൗൺ ആണ് വേദിയാകുക. മൂന്ന് വേദികളാണ് ഉളളത്.
ഗ്രൂപ്പ് വണ്ണിൽ നിലവിലെ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയയും ന്യൂസിലൻഡ്, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവരാണുള്ളത്.












