തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും നോർവ്വെയിലും ഫിൻലാൻഡിലും യുകെയിലും നടത്തിയ യാത്രകളെക്കുറിച്ച് മാദ്ധ്യമങ്ങൾ നല്ല സന്ദേശം നൽകാൻ ശ്രമിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യാത്രയുടെ വിജയത്തെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിന് ഒടുവിലായിരുന്നു മുഖ്യമന്ത്രി മാദ്ധ്യമങ്ങളോടുളള അതൃപ്തി അറിയിച്ചത്.
ഉല്ലാസയാത്രയും ധൂർത്തുമായിട്ടാണ് ചിത്രീകരിച്ചത്. നാടിന് ഒരു ഉപകാരവും കിട്ടുന്നില്ലെന്ന മട്ടിലായിരുന്നു വാർത്തകൾ. നാടിന്റെ പുരോഗതിക്ക് യാതൊരു സംഭാവനയും ഉണ്ടാകുന്നില്ല എന്ന് പറഞ്ഞ് നെഗറ്റീവായ വികാരം വളർത്താനാണ് ശ്രമിച്ചത്. അതാണോ യഥാർത്ഥത്തിൽ ചെയ്യേണ്ടത്. അതാണോ ഇന്നത്തെ കാലത്ത് നാടിനെ അഭിവൃദ്ധിപ്പെടുത്താനുളള ശ്രമം നടക്കുമ്പോൾ മാദ്ധ്യമങ്ങൾ പൊതുവെ സ്വീകരിക്കേണ്ട നിലയെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
പ്രതിപക്ഷത്തിന്റെ വിമർശനങ്ങളെക്കുറിച്ച് ചൂണ്ടിക്കാട്ടിയപ്പോൾ നിങ്ങൾ അതേ നിലവാരത്തിലേക്ക് താഴേണ്ട എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ആവേശകരമായ പ്രതികരണമായിരുന്നു പോയിടത്ത് നിന്ന് ലഭിച്ചത്. നാട്ടിൽ പ്രചരിപ്പിക്കാൻ നോക്കുന്ന നിലയല്ല അവരുടെ മനസിൽ ഉളളത്. കേരളത്തെക്കുറിച്ച് നാടിന് പുറത്തുളള ധാരണ ഏറെ മെച്ചപ്പെട്ടതാണെന്നും അതിന്റെ ഭാഗമായിട്ടാണ് കേരളത്തിൽ നിന്നുളള സംഘത്തിന് ഇത്തരത്തിൽ സ്വീകരണം കിട്ടിയതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
വളരെ പെട്ടന്ന് ഫലപ്രാപ്തിയുണ്ടാകുന്നതും ദീർഘകാലാടിസ്ഥാനത്തിൽ സംസ്ഥാനത്തിന് പ്രയോജനം ചെയ്യുന്നതുമായ ധാരണകൾ ഈ സന്ദർശനത്തിൽ ഉരുത്തിരിഞ്ഞിട്ടുണ്ടെന്നും പിണറായി വിജയൻ അവകാശപ്പെട്ടു. ലക്ഷ്യമിട്ടതിനെക്കാൾ കൂടുതൽ ഗുണഫലങ്ങൾ യാത്ര കൊണ്ട് സംസ്ഥാനത്തിന് സ്വായത്തമായെന്നും മുഖ്യമന്ത്രി പറഞ്ഞു. പഠന ഗവേഷണ മേഖലകളിലെ സഹകരണം കേരളത്തിലെ യുവാക്കൾക്ക് പുതിയ തൊഴിൽ സാദ്ധ്യതകൾ കണ്ടെത്തൽ സംസ്ഥാനത്തേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കുക തുടങ്ങിയ കാര്യങ്ങളായിരുന്നു ലക്ഷ്യമിട്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post