റായ്പൂർ: ഛത്തീസ്ഗഢിൽ രണ്ട് കമ്യൂണിസ്റ്റ് ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. തലയ്ക്ക് എട്ട് ലക്ഷവും അഞ്ച് ലക്ഷവും വിലയിട്ടിരുന്ന ഭീകരരാണ് കൊല്ലപ്പെട്ടത്.
വൻതോതിൽ ശേഖരിച്ചിരുന്ന സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും ഏറ്റുമുട്ടൽ നടന്ന മേഖലയിൽ നിന്ന് കണ്ടെടുത്തതായി സുരക്ഷാസേന പറഞ്ഞു. .315 ബോർ റൈഫിൾ, 8 എംഎം പിസ്റ്റൾ തുടങ്ങിയവയാണ് കണ്ടെടുത്ത ആയുധങ്ങൾ. 57,770 രൂപയും കണ്ടെടുത്തിട്ടുണ്ട്.
പ്രതാപൂർ ഏരിയ കമ്മറ്റി സെക്രട്ടറി ദർശൻ പദ്ദ (32), നോർത്ത് ബ്യൂറോ ആക്ഷൻ ടീം കമാൻഡർ ജഗേഷ് സലാം (23) എന്നിവരെയാണ് വധിച്ചത്. നോർത്ത് ബസ്തർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന നേതാവാണ് പദ്ദ. അക്രമം ഉൾപ്പെടെ 39 കേസുകളിൽ ഇയാൾ പ്രതിയാണ്
തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെ കാങ്കേർ ജില്ലയിൽ കദ്‌മെ ഗ്രാമത്തിലെ വനമേഖലയിലായിരുന്നു ഏറ്റുമുട്ടൽ തുടങ്ങിയത്. ഡിസ്ട്രിക്ട് റിസർവ്വ് ഗാർഡും ബിഎസ്എഫും ആണ് ഓപ്പറേഷൻ നടത്തിയത്.










