ബംഗലൂരു: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തിങ്കളാഴ്ച ഇഡിക്ക് മുൻപാകെ ഹാജരാകില്ലെന്ന് കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡി.കെ ശിവകുമാർ. ഒരു പ്രവർത്തകന്റെ ജൻമദിനാഘോഷ പാർട്ടി ഉണ്ടെന്നും അതുകൊണ്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്നുമായിരുന്നു ഡികെ ശിവകുമാറിന്റെ മറുപടി.
ശിവകുമാറിനും സഹോദരനും എംപിയുമായ ഡി.കെ സുരേഷിനും തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചിരുന്നു. ഇരുവരും നാഷണൽ ഹെറാൾഡിന്റെ ഉടമസ്ഥരായ യങ് ഇന്ത്യയിലേക്ക് വമ്പൻ തുക ട്രാൻസ്ഫർ ചെയ്തതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇഡി തേടുന്നതെന്നാണ് വിവരം. ഈ ഇടപാടിന്റെ കൂടുതൽ വിവരങ്ങൾ അന്വേഷണ ഏജൻസികൾ തേടിക്കൊണ്ടിരിക്കുകയാണ്.
പാർട്ടി ദേശീയ അദ്ധ്യക്ഷനുമൊത്തുളള പരിപാടി ഉണ്ടെന്ന് ആയിരുന്നു ശനിയാഴ്ച ഡികെ ശിവകുമാർ പറഞ്ഞത്. ഇഡി ചില രേഖകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സമൻസിനെക്കുറിച്ച് വിശദാംശങ്ങൾ മനസിലാക്കി വരുന്നതേയുളളൂവെന്നും ശിവകുമാർ പറഞ്ഞിരുന്നു.
ഇഡിയും സിബിഐയും തനിക്കെതിരെ വെവ്വേറെ കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിനെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിക്കും. ആവർത്തിച്ച് സമൻസ് അയച്ച് തന്നെ പീഡിപ്പിക്കുകയാണെന്നും അത് എന്തിനെന്ന് മനസിലാകുന്നില്ലെന്നുമാണ് ശിവകുമാർ പറയുന്നത്.
നേരത്തെ കേസിൽ സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ഉൾപ്പെടെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശിവകുമാറിനെയും ഡി.കെ സുരേഷിനെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.
Discussion about this post