ബാലി: ബാലിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ ഹസ്തദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡണ്ട് ഷീ ജിൻ പിംഗും. നേതാക്കൾക്കുള്ള ഔപചാരിക അത്താഴവിരുന്നിലായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. ലഡാക്ക് സംഘർഷത്തിന് ശേഷമുള്ള ആദ്യ നേർക്കുനേർ കൂടിക്കാഴ്ചയാണിത്.
ഇന്തോനേഷ്യൻ പ്രസിഡൻഷ്യൽ സെക്രട്ടേറിയറ്റിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലാണ് ദൃശ്യങ്ങൾ പുറത്തുവന്നത്. ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോയുമായി ഷീ ജിൻപിംഗും ഭാര്യ ഭാര്യ പെങ് ലിയുവാനും സംസാരിക്കുന്നതിൻറെ സമീപത്ത് മോദിയും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെനും കൂടിക്കാഴ്ച നടത്തുന്നുണ്ടായിരുന്നു. ഈ സമയത്താണ് ഷീ ജിൻപിംഗ് സമീപത്തേക്ക് കടന്നുവരുന്നത്. ഈ സമയത്ത് പ്രധാനമന്ത്രി മോദി തന്റെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് ഷീ ജിൻപിംഗിനെ ഹസ്തദാനം ചെയ്യുന്നതായും വീഡിയോയിൽ കാണാം. പിന്നീട് അല്പസമയം അദ്ദേഹം ഷീ ജിൻപിംഗുമായി സംസാരിക്കുകയും ചെയ്തു. ഉടൻ തന്നെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ഒപ്പം ചേർന്നു. നിരവധി പേരാണ് ഇരു നേതാക്കൾക്ക് ചുറ്റും കൂടി ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നത്.
സെപ്റ്റംബർ 15-16 തീയതികളിൽ ഉസ്‌ബെക്കിസ്ഥാനിലെ സമർകണ്ടിൽ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) ഉച്ചകോടിയിൽ ആണ് അവസാനമായി ഇരുവരും പങ്കെടുത്തത്. എങ്കിലും പരസ്പരമുള്ള കൂടിക്കാഴ്ച ഇന്ത്യ ഒഴിവാക്കിയിരുന്നു. ജി 20 ഉച്ചകോടിയുടെ ഭാഗമായി ഇരുവരും കണ്ടുമുട്ടിയെങ്കിലും ഒരു ഔപചാരിക ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് സാധ്യതയില്ലെന്നാണ് നയതന്ത്ര വിദഗ്ദ്ധർ വ്യക്തമാക്കുന്നത്.
ലഡാക്കിലെ യഥാർത്ഥ നിയന്ത്രണമേഖലയിൽ തർക്കം ആരംഭിച്ചതു മുതൽ ഇന്ത്യ-ചൈന ബന്ധം വഷളായിരിക്കുകയാണ്. 2020 ജൂണിൽ ഗാൽവാൻ താഴ്‌വരയിൽ നടന്ന ഏറ്റുമുട്ടലോടെയാണ് സ്ഥിതിഗതികൾ ഏറെ വഷളായത്. അതിർത്തിയിൽ സമാധാനവും സമാധാനവും ഉണ്ടാകുന്നതുവരെ ഇന്ത്യ-ചൈന ബന്ധം സാധാരണ നിലയിലാക്കാനാകില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ചൈനയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇക്കാര്യം ഔദ്യോഗികമായി തന്നെ ചൈനയെ അറിയിച്ചിട്ടുണ്ട്.
Discussion about this post