പൂനെ: എരുമകൾക്ക് നിരോധിത ഓക്സിടോസിൻ കുത്തിവെച്ചതിനെ തുടർന്ന് പൂനെയിൽ ആറ് കർഷകർ അറസ്റ്റിൽ. പാൽ ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കാൻ ആണ് എരുമകൾക്ക് നിരോധിത ഓക്‌സിടോസിൻ കുത്തിവയ്പ്പുകൾ നടത്തിയത്. ഷെഡ്യൂൾ എച്ച് മരുന്നായ ഓക്സിടോസിൻ 2018 മുതൽ റീട്ടെയിൽ വിൽപ്പനയിൽ നിന്ന് കേന്ദ്രസർക്കാർ നിരോധിച്ചിതാണ്.
വിമന്തൽ മേഖലയിൽ ഓക്‌സിടോസിൻ ബോട്ടിലിംഗ് പ്ലാന്റ് നടത്തുന്ന സമീർ അൻവർ ഖുറേഷിയെ ചോദ്യം ചെയ്തതിൽ നിന്നാണ് സംഭവത്തെ കുറിച്ച് പോലീസിന് വ്യക്തമായ വിവരങ്ങൾ ലഭിച്ചത്. ചോദ്യം ചെയ്തതിൽ നിന്നും ഇയാൾ നിരവധി ക്ഷീരകർഷകർക്ക് ഓക്‌സിടോസിൻ വിറ്റതായി ക്രൈം ബ്രാഞ്ച് സംഘത്തിന് മനസ്സിലായി. ഈ കർഷകർ ഇത് നിത്യേന ഉപയോഗിച്ചിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഘം കർഷകരെ അറസ്റ്റു ചെയ്തത്
പിംപിൾ സൗദാഗർ സ്വദേശിയായ വിത്തൽ ഭിവജി സിൻസൂർനെ (48) ,ആലണ്ടി റോഡ് മോഷി സ്വദേശി സാഗർ കൈലാസ് സാസ്‌തെ (35) മരുഞ്ചി സ്വദേശി വിലാസ് മഹാദേവ് മുർകുട്ടെ (57) ടിൻഗ്രെനഗർ സ്വദേശി സുനിൽ ഖണ്ഡപ്പ മൽകുനായിക് (51) ഗണേഷ് ശങ്കർ പൈൽവാൻ (50) ഗുൽതെക്ഡി സ്വദേശിമഹാദു നാംദേവ് പരാണ്ഡെ (51) എന്നിവരാണ് അറസ്റ്റിലായത്. 50-ലധികം പോത്തുകളുള്ള മൽകുനായിക്കിന് ഒരു വലിയ ഡയറി ഫാമുണ്ടെന്നാണ് പോലീസ് പറയുന്നത്.
കേസിലെ മുഖ്യപ്രതി കല്യാണിലെ അലാദിൻ ലസ്‌കർ എന്ന ബാബുഭായിയെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റു പ്രതികളിലേക്ക് പോലീസ് എത്തിച്ചേരുന്നത്. ക്രൈെം ബ്രാഞ്ച് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. . ഇത്തരത്തിൽ കൂടുതൽ കർഷകരെ കണ്ടെത്തിയിട്ടുണ്ടെന്നും ഉടൻ നടപടിയെടുക്കുമെന്നും പോലീസ് അറിയിച്ചു.
കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് സീനിയർ പോലീസ് ഇൻസ്പെക്ടർ വിനായക് ഗെയ്ക്വാദ് പറഞ്ഞു. അറസ്റ്റിലായ പ്രതികൾ തങ്ങളുടെ പോത്തുകൾക്ക് ദിവസേന ഓക്‌സിടോസിൻ കുത്തിവയ്ക്കുന്നുണ്ടായിരുന്നുവെന്ന് ഗെയ്‌ക്‌വാദ് വ്യക്തമാക്കി . ഇത്തരം മരുന്നുകൾ മൃഗങ്ങളെ മാത്രമല്ല, ഇവയുടെ പാൽ കുടിക്കുന്ന മനുഷ്യരുടെആരോഗ്യത്തെയും ബാധിക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
അധിക പാൽ തൽക്ഷണം ലഭിക്കാൻ ഡയറി ഉടമകൾ കന്നുകാലികളിൽ ഓക്സിടോസിൻ കുത്തിവയ്ക്കുന്നതായി എഫ്ഡിഎ പൂനെ അസിസ്റ്റന്റ് കമ്മീഷണർ ദിനേശ് ഖിവാസര പറഞ്ഞു. കന്നുകാലികൾക്ക് ഗുണനിലവാരമുള്ള തീറ്റ നൽകുന്നതിനുപകരം, മൃഗങ്ങളുടെ അകിടിൽ നിന്ന് പാൽ കൂടുതൽ പുറത്തുവിടാനാണ് ഓക്സിടോസിൻ കുത്തിവയ്ക്കുന്നത്. ഇത് നിയമവിരുദ്ധമാണ്. കൂടാതെ, ഇത് മനുഷ്യർക്കും ദോഷകരമാണ്. കന്നുകാലികളിൽ കുത്തിവച്ച ഓക്‌സിടോസിൻറെ നല്ലഭാഗവും അവയുടെ പാലിൽ ഒലിച്ചിറങ്ങാം. കുട്ടികളാണ് ഇതിന്റെ പ്രത്യാഘാതങ്ങൾക്ക് കൂടുതൽ ഇരയാകുന്നത്. ഓക്‌സിടോസിൻ കേൾവിയെയും കാഴ്ചയെയും തകരാറിലാക്കുന്നു, ഇത് ക്ഷീണത്തിന് കാരണമാകുന്നു.
പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 328 (വിഷം ഉപയോഗിച്ച് ആരോഗ്യത്തിന് ഹാനിയുണ്ടാക്കുക), 420 (വഞ്ചന, സത്യസന്ധമല്ലാത്ത വിധത്തിൽ സ്വത്ത് കൈമാറാൻ പ്രേരിപ്പിക്കുക), 175 (പൊതുപ്രവർത്തകന് രേഖ ഹാജരാക്കുന്നതിൽ വീഴ്ച വരുത്തുക), 272 (വിൽപ്പനയ്ക്ക് ഉദ്ദേശിച്ചിട്ടുള്ള ഭക്ഷണപാനീയങ്ങളിൽ മായം ചേർക്കൽ), എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
നവംബർ അഞ്ചിന് പൂനെ നഗരത്തിലെ ലോഹെഗാവ് മേഖലയിൽ അനധികൃത ഓക്‌സിടോസിൻ ബോട്ടിലിംഗ് പ്ലാന്റ് നടത്തിയതിന് അഞ്ച് പേരെ പൂനെ പോലീസ് ക്രൈംബ്രാഞ്ച് യൂണിറ്റ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവമാണ് കേസിന് വഴിത്തിരിവായത്.
Discussion about this post