ന്യൂഡെല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായി തീഹാര്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന ആം ആദ്മി പാര്‍ട്ടി മന്ത്രി സത്യേന്ദ്ര ജെയിനിന് ജയിലില്‍ സുഖവാസം. ജയില്‍ മുറിയില്‍ ജെയിനിന് സഹായി എണ്ണയിട്ട് കാല്‍ തടവിക്കൊടുക്കുന്നതിന്റെയും ബോഡി മസാജ് ചെയ്യുന്നതിന്റെയും വീഡിയോ പുറത്തായി. നിരവധി ബിജെപി നേതാക്കളാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ജയിലില്‍ സത്യേന്ദ്ര ജെയിനിന് വിഐപി പരിഗണന ലഭിക്കുന്നുവെന്ന പരാതിയില്‍ ജയില്‍ സൂപ്രണ്ട് അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളിലാണ് ഡെല്‍ഹി മന്ത്രിയുടെ ജയിലിലെ ‘സുഖചികിത്സ’യുടെ വീഡിയോ വൈറലാകുന്നത്.
സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖറാണ് ജെയിനിന് ജയില്‍ സൂപ്രണ്ട് വഴിവിട്ട സഹായങ്ങള്‍ നല്‍കുന്നുവെന്ന് ഡെല്‍ഹി ലഫ്.ഗവര്‍ണര്‍ക്ക് പരാതി അയച്ചത്. തുടര്‍ന്ന് ഗവര്‍ണര്‍ തന്നെ രൂപീകരിച്ച അന്വേഷണ സമിതിയുടെ ശുപാര്‍ശയിലാണ് ജയില്‍ മേധാവിക്കെതിരെ നടപടിയെടുത്തത്.
വീഡിയോ വിവാദമായതോടെ സത്യേന്ദ്ര ജെയിന് പരിക്ക് പറ്റിയിരുന്നുവെന്നും ഇതിനുള്ള ചികിത്സയുടെ ഭാഗമായ തിരുമ്മലിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്നും ഡെല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രതികരിച്ചു. ജയിലില്‍ ജെയിനിന് വിപെപി പരിഗണന ലഭിക്കുന്നുവെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് നേരത്തെയും എഎപി തള്ളിയിട്ടുണ്ട്.
എന്നാല്‍ ഇന്ന് പുറത്തുവന്നിരിക്കുന്ന വീഡിയോയില്‍ സത്യേന്ദ്ര ജെയിനിന് കാലിലും പുറത്തും തലയിലുമെല്ലാം സഹായി മസാജ് ചെയ്തുകൊടുക്കുന്നത് വ്യക്തമാണ്. ഇത്തരത്തിലൊരു മന്ത്രിയെ കെജ്‌രിവാളിന് പ്രതിരോധിക്കാനാകുമോയെന്നും പുറത്താക്കാതിരിക്കാനാകുമോയെന്നും ബിജെപിയുടെ ഷഹ്‌സാദ് ജയ്ഹിന്ദ് ട്വീറ്റ് ചെയ്തു. എഎപി യഥാര്‍ത്ഥ മുഖമാണ് കാണുന്നതെന്നും വീഡിയോ പങ്കുവെച്ച് കൊണ്ട് അദ്ദേഹം പ്രതികരിച്ചു. എഎപിയില്‍ അഴിമതി പടര്‍ന്നുപിടിച്ചിരിക്കുകയാണെന്ന് ബിജെപി വക്താവ് ഗൗരവ് ബാട്ടിയ മാധ്യമ സമ്മേളനത്തില്‍ പറഞ്ഞു. അഴിമതിക്കെതിരെ പോരാടാനും വിവിഐപി സംസ്‌കാരം ഇല്ലാതാക്കാനുമാണ് എഎപി പാര്‍ട്ടി ഉണ്ടാക്കിയത്. എന്നാല്‍ ഇവിടെ, അഴിമതിക്കാരനായ ഒരാള്‍ക്ക് എല്ലാ സുഖസൗകര്യങ്ങളും ലഭിച്ചുകൊണ്ടിരിക്കുകയാണെന്നും ബാട്ടിയ പറഞ്ഞു.
ജയിലില്‍ ജെയിന്‍ ആഢംബര ജീവിതമാണ് നയിക്കുന്നതെന്ന് കഴിഞ്ഞ മാസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആരോപിച്ചിരുന്നു.
Discussion about this post