ന്യൂഡൽഹി: പി.ടി ഉഷ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ തലപ്പത്തേക്ക്.
ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റാകുന്ന ആദ്യ വനിതയാകും കേരളത്തിന്റെ അഭിമാനമായ പി.ടി ഉഷ. ഡിസംബർ 10 നാണ് ഐഒഎ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. എന്നാൽ ഉഷയുടെ മാത്രമാണ് പത്രിക ലഭിച്ചത്. അതുകൊണ്ടു തന്നെ എതിരില്ലാതെയാകും ഉഷ ഈ സ്ഥാനത്തേക്ക് എത്തുക.
ഞായറാഴ്ച വരെയായിരുന്നു പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുളള സമയപരിധി. പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റാരും പത്രിക നൽകിയിട്ടില്ലെന്ന് വരണാധികാരിയായ ഉമേഷ് സിൻഹ പറഞ്ഞു.
പ്രസിഡന്റിനെക്കൂടാതെ സീനിയർ വൈസ് പ്രസിഡന്റ്, രണ്ട് വൈസ് പ്രസിഡന്റുമാർ, ട്രഷറർ, രണ്ട് ജോയിന്റ് സെക്രട്ടറിമാർ ആറ് എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ തുടങ്ങിയവരെയും തിരഞ്ഞെടുക്കും. ബാക്കി സ്ഥാനങ്ങളിലേക്ക് 24 പത്രികകൾ ലഭിച്ചതായി ഉമേഷ് സിൻഹ വ്യക്തമാക്കി.
രാജ്യത്തിന്റെ അഭിമാന കായിക താരമാണ് പി.ടി ഉഷ. നിലവിൽ രാജ്യസഭാ എംപി കൂടിയാണ്. മാസങ്ങൾക്ക് മുൻപാണ് ഉഷയെ നരേന്ദ്രമോദി സർക്കാർ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തത്.
1984 ഒളിമ്പിക്‌സിൽ 400 മീറ്റർ ഹർഡിൽസ് ഫൈനലിൽ നാലാം സ്ഥാനക്കാരിയായിരുന്നു പി.ടി ഉഷ. നേരിയ വ്യത്യാസത്തിനാണ് വെങ്കല മെഡൽ നഷ്ടമായത്. രാജ്യത്തിന് വേണ്ടി നിരവധി അന്താരാഷ്ട്ര മത്സരങ്ങളിലും ഏഷ്യൻ ഗെയിംസുകളിലും പങ്കെടുത്തിട്ടുണ്ട്. ഉഷയുടെ അനുഭവ സമ്പത്ത് രാജ്യത്തിന്റെ ഒളിമ്പിക്‌സ് സ്വപ്‌നങ്ങൾക്ക് പുതിയ നിറം നൽകുമെന്ന കാര്യത്തിൽ തർക്കമില്ല.
Discussion about this post