ഖത്തറിൽ തടവിലാക്കിയ എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങളുടെ കേസ് ഇപ്പോഴും തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി .എന്തിനാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് ഖത്തർ അധികൃതർ ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെന്നും അരിന്ദം ബാഗ്ചി വ്യക്തമാക്കി.
ആഗസ്ത് 30 ന് ആണ് ഖത്തർ ഇവരെ കസ്റ്റഡിയിലെടുത്തത്. ഖത്തറിലെ സായുധ സേനയ്ക്ക് പരിശീലനവും മറ്റ് സേവനങ്ങളും നൽകുന്ന റിട്ടയേർഡ് ഒമാൻ എയർഫോഴ്‌സ് ഓഫീസറുടെ ഉടമസ്ഥതയിലുള്ള ദഹ്‌റ ഗ്ലോബൽ ടെക്‌നോളജീസ് ആൻഡ് കൺസൾട്ടൻസി സർവീസസ് എന്ന സ്വകാര്യ സ്ഥാപനത്തിൽ ആണ് ഇവർ എട്ടുപേരും ജോലി ചെയ്തിരുന്നത്.
തടവിലാക്കപ്പെട്ടവരിൽ ചിലരെ ആഴ്ചയിൽ ഒരുദിവസം കുടുംബാംഗങ്ങളെ കാണാൻ അനുവദിക്കുന്നുണ്ട്. കുടുംബാംഗങ്ങളുമായി സംസാരിക്കാനും ഇവർക്ക് അനുവാദമുണ്ട്. എങ്കിലും എന്ത് കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത് എന്ന് ഖത്തർ അധികാരികൾ ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെന്നും അരിന്ദം ബാഗ്ചി ആവർത്തിച്ചു.
“ഇന്ത്യയ്ക്ക് ഈ വിഷയത്തിൽ കൃത്യമായ നിലപാടുണ്ട്, എംബസി കേസ് സജീവമായി തുടരുകയാണ്. തടങ്കലിൽ കഴിയുന്ന ഇന്ത്യക്കാർക്ക് അവരുടെ കുടുംബങ്ങളുമായി ടെലിഫോണിൽ നിരന്തരം സംസാരിക്കാൻ സാധിക്കണമെന്ന് എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് അനുവദിച്ചിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്നും അരിന്ദം ബാഗ്ചി മാദ്ധ്യമങ്ങളോട് പറഞ്ഞു. അവർക്ക് എല്ലാ കോൺസുലർ സഹായങ്ങളും ഇന്ത്യ നൽകുന്നുണ്ട്.അത് തുടരുമെന്നും ബാഗ്ചി വ്യക്തമാക്കി.
Discussion about this post