ദോഹ: ദക്ഷിണ കൊറിയയ്‌ക്കെതിരായ തകര്‍പ്പന്‍ ജയം ഫുട്‌ബോളിലെ ഇതിഹാസ താരം പെലെയ്ക്ക് സമര്‍പ്പിച്ച് ബ്രസീല്‍ ടീം. അസുഖ ബാധിതനായി ആശുപത്രിയിലാണിപ്പോള്‍ 82 കാരനായ പെലെ. കളിക്കളത്തില്‍ പെലെയുടെ ചിത്രമടങ്ങിയ ബാനര്‍ നിവര്‍ത്തിയാണ് ടീമംഗങ്ങള്‍ തങ്ങളുടെ സൂപ്പര്‍ താരത്തോടുള്ള ആദരവ് പങ്കിട്ടത്.
ദക്ഷിണ കൊറിയയ്‌ക്കെതിരെ 4-1 മാര്‍ജിനില്‍ നേടിയ വിജയത്തോടെ ലോകകപ്പ് ഫൈനലിന്റെ അവസാന എട്ടിലെത്തിയ ബ്രസീലിന്റെ കളി ആരാധകരുടെ മനസ് നിറയ്ക്കുന്ന ഒന്നായി. കാന്‍സര്‍ രോഗബാധിതനായി ആശുപത്രിക്കിടക്കയില്‍ കളി കണ്ട പെലെയും ആവേശത്തോടെ ചിയര്‍ വിളിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ചെവ്വാഴ്ചയാണ് താരത്തെ സാവോ പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നെയ്മറും ടീമും ചേര്‍ന്ന് അവിസ്മരണീയ വിജയത്തോടെ ക്വാര്‍ട്ടര്‍ ഫൈനലിലേക്കുള്ള പ്രവേശനം സാധ്യമാക്കി. കളിയുടെ ആദ്യ പകുതിയില്‍ തന്നെ ബ്രസീല്‍ നാലു ഗോളുകളും നേടിയിരുന്നു. പെലെയുടെ ബാനര്‍ ഉയര്‍ത്തി ടീമംഗങ്ങള്‍ ഗ്രൗണ്ടില്‍ നിരന്നതോടെ സ്‌റ്റേഡിയത്തില്‍ ആരാധകരും പെലെയുടെ ചിത്രങ്ങളുയര്‍ത്തി.
”പെലെ ഇപ്പോള്‍ എന്താണ് അനുഭവിക്കുന്നതെന്ന് പറയാനാവില്ല, എന്നാല്‍ ഞാന്‍ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുകയാണ്”, കളിക്ക് ശേഷം നെയ്മര്‍ പറഞ്ഞു. ബ്രസീലിനു വേണ്ടി ആദ്യ ഗോള്‍ നേടിയ വിന്‍ഷ്യസ് ജൂനിയര്‍, പെലെയ്ക്ക് ഒരു ആലിംഗനം നേരുന്നതായും അറിയിച്ചു. നെയ്മര്‍, റിച്ചാര്‍ലിസണ്‍, ലൂക്കാസ് പക്വെറ്റ എന്നിവരാണ് ബ്രസീലിനു വേണ്ടി ഗോള്‍ വല കുലുക്കിയ മറ്റു താരങ്ങള്‍.
Discussion about this post