വാഷിംഗ്ടണ്‍: സവിശേഷമായ നയതന്ത്ര സ്വഭാവമുള്ള ഇന്ത്യ, അമേരിക്കയുടെ വെറുമൊരു സഖ്യകക്ഷി അല്ലെന്നും മറ്റൊരു വന്‍ ശക്തിയാണെന്നും മുതിര്‍ന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പോലെ കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഇത്രയേറെ ശക്തമാകുകയും ആഴമുള്ളതാകുകയും ചെയ്ത മറ്റൊരു ബന്ധം അമേരിക്കയ്ക്ക് ഇല്ലെന്നും വൈറ്റ് ഹൗസിലെ ഏഷ്യ കോര്‍ഡിനേറ്ററായ കര്‍ട്ട് കാംബെല്‍ പറഞ്ഞു. ആസ്‌പെന്‍ സെക്യൂരിറ്റി ഫോറത്തില്‍ പങ്കെടുക്കവേ ഇന്ത്യയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കാംബെല്‍.
21ാം നൂറ്റാണ്ടില്‍ അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട ഉഭയകക്ഷി ബന്ധം ഇന്ത്യയുമായിട്ടുള്ളതാണെന്നും ചൈനയുമായി ബന്ധപ്പെട്ട ആശങ്കകളുടെ പേരില്‍ മാത്രം കെട്ടിപ്പടുത്ത ഒരു ബന്ധമല്ല അമേരിക്കയും ഇന്ത്യയും തമ്മിലുള്ളതെന്നും കാംബെല്‍ അഭിപ്രായപ്പെട്ടു.
‘ഇന്ത്യയ്ക്ക് സവിശേഷമായ നയതന്ത്ര സ്വഭാവമുണ്ട്. ഇന്ത്യ അമേരിക്കയുടെ വെറുമൊരു കക്ഷി മാത്രമല്ല. സ്വന്തം നിലയ്ക്ക് കാര്യങ്ങള്‍ ചെയ്യാനുള്ള, ശക്തമായ ഒരു രാജ്യമാകാന്‍ കെല്‍പ്പുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യ മറ്റൊരു മഹാശക്തിയാകും. ഏതാണ്ട് എല്ലാ മേഖലകളിലും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാന ബന്ധങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്,’ കാംബെല്‍ പറഞ്ഞു. അമേരിക്ക തങ്ങളുടെ കഴിവിന്റെ പരാമവധി ഇന്ത്യയില്‍ നിക്ഷേപം നടത്തണമെന്നും സാങ്കേതിക രംഗത്തും മറ്റ് മേഖലകളിലെയും വിഷയങ്ങളില്‍ ഇടപെട്ട് ഇരുരാജ്യങ്ങളിലെയും ജനങ്ങക്കിടയില്‍ ബന്ധം ശക്തമാക്കണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post