യുഎന്‍: ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമായാണ് ലോകം പാക്കിസ്ഥാനെ കാണുന്നതെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍. രണ്ട് വര്‍ഷത്തെ കോവിഡ്-19 മൂലമുള്ള ഓര്‍മ്മക്കുറവിനിടയിലും ഭീകരവാദമെന്ന ഭീഷണി എവിടെയാണ് മുള പൊട്ടുന്നതെന്ന് ആഗോള സമൂഹം മറന്നിട്ടില്ലെന്ന് ജയ്ശങ്കര്‍ ഐക്യരാഷ്ട്രസഭയില്‍ ഓര്‍മ്മിപ്പിച്ചു. ‘ആഗോള ഭീകവാദ വിരുദ്ധ സമീപനം: വെല്ലുവിളികളും മുന്നോട്ടുള്ള വഴികളും’ എന്ന വിഷയത്തില്‍ യുഎന്‍ സുരക്ഷാ സമിതിയില്‍ നടന്ന പരിപാടിക്ക് അധ്യക്ഷത വഹിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു ജയ്ശങ്കര്‍.
“അവര്‍ എന്ത് പറഞ്ഞാലും, സത്യം എന്തെന്നാല്‍, എല്ലാവരും, ലോകമൊന്നാകെയും അവരെ ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമായാണ് കാണുന്നത്. കഴിഞ്ഞ രണ്ടര വര്‍ഷമായി നമ്മള്‍ കോവിഡിന്റെ പിടിയിലാരുന്നുവെന്നും അതുമൂലം കുറേപേര്‍ക്ക് മറവി ഉണ്ടായിട്ടുണ്ടെന്നും എനിക്കറിയാം. എന്നാല്‍ എവിടെ നിന്നാണ് ഭീകരവാദം മുള പൊട്ടുന്നതെന്ന് ലോകം മറന്നിട്ടില്ലെന്ന് ഞാന്‍ ഉറപ്പിച്ച് പറയുന്നു. ആ മേഖലയിലും പുറത്തുമുള്ള നിരവധി പ്രവര്‍ത്തനങ്ങളില്‍(ഭീകരവാദ) അവരുടെ കൈരേഖ പതിഞ്ഞിട്ടുണ്ട്. അതിനാല്‍, മായികലോകത്ത് വിരാജിക്കുന്നതിന് മുമ്പ് ഇതൊക്കെ സ്വയം ഓര്‍ക്കണമെന്നാണ് എനിക്ക് അവരോട് പറയാനുള്ളത്”, ജയ്ശങ്കര്‍ പറഞ്ഞു.
ഇന്ത്യയേക്കാളും നന്നായി ഭീകരവാദത്തെ ഉപയോഗപ്പെടുത്തിയിട്ടുള്ള മറ്റൊരു രാജ്യം ഇല്ലെന്ന പാക്കിസ്ഥാന്‍ വിദേശകാര്യ സഹമന്ത്രി ഹിന റബ്ബാനി ഖാറിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ഇന്ത്യന്‍ വിദേശകാര്യമന്ത്രി. പാക്കിസ്ഥാന്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശുദ്ധീകരിച്ചിട്ട് വേണം നല്ല അയല്‍ക്കാര്‍ ആകാനെന്നും ലോകം മൂഢരല്ലെന്നും ഭീകരവാദത്തില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങള്‍ക്കെതിരെയും സംഘടനകള്‍ക്കെതിരെയും ആളുകള്‍ക്കെതിരെയും പ്രതിഷേധം ശക്തമാകുകയാണെന്നും ജയ്ശങ്കര്‍ പറഞ്ഞു.
എത്രകാലം നിങ്ങള്‍ ഇങ്ങനെ ചെയ്യും എന്ന് ചോദിക്കുമ്പോള്‍, ചോദിക്കുന്ന മന്ത്രി മാറിപ്പോയെന്നും കാരണം എത്രകാലം പാക്കിസ്ഥാന്‍ ഭീകരവാദം തുടരുമെന്നതിന് ഉത്തരം പറയേണ്ടത് പാക്കിസ്ഥാന്‍ മന്ത്രിമാരാണെന്നും, ന്യൂഡെല്‍ഹി, കാബൂള്‍, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും മുള പൊട്ടുന്ന ഭീകരവാദം എത്രകാലം ദക്ഷിണേഷ്യ കാണേണ്ടി വരുമെന്ന പാക് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായി ജയ്ശങ്കര്‍ പറഞ്ഞു.
Discussion about this post