പട്‌ന; ബിഹാറിൽ വിഷമദ്യ ദുരന്തത്തിന് കൂടുതൽ ഇരകൾ. സരൺ ജില്ലയിൽ മുപ്പതോളം പേർ മരിച്ചതിന് പിന്നാലെയാണ് സമീപ ജില്ലകളിലും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സിവാൻ ജില്ലയിൽ വെളളിയാഴ്ച അഞ്ച് പേർ കൂടി വിഷമദ്യം കഴിച്ച് മരിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ബ്രഹ്മസ്ഥാൻ, സൊന്ദാനി ഗ്രാമവാസികളാണ് മരിച്ചത്. ഭഗവൻപൂർഹാത് പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. മൂന്ന് മരണങ്ങൾ ഉണ്ടായതായി സിവാൻ എസ്പി ശൈലേഷ് കുമാർ സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാജ്ഗഞ്ച് ബ്ലോക്കിലെ ബ്രഹ്മസ്ഥാൻ മേഖലയിൽ നിന്നുളളവരാണ് മരിച്ചതെന്നും എസ്പി സ്ഥിരീകരിച്ചു.
എന്നാൽ വിഷമദ്യം കഴിച്ചാണോ ഇവരുടെ മരണമെന്ന് ഉറപ്പിച്ച് പറയാൻ പോലീസും തയ്യാറായിട്ടില്ല. അഞ്ച് പേർ മരിച്ചതായി പ്രദേശവാസികളും പറയുന്നു. സന്ദീപ് കുമാർ (30), ശിവംകുമാർ (25), ദീപക് പൊദ്ദായ് (15) എന്നിവരാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. മരിച്ച രണ്ടു പേരുടെ കൈയ്യിൽ നിന്നും കിട്ടിയ രാസവസ്തു അടങ്ങുന്ന ബോട്ടിൽ ഫോറൻസിക് സയൻസ് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
സരൺ ജില്ലയിൽ മാത്രം 30 പേരാണ് വ്യാജമദ്യം കഴിച്ച് മരിച്ചത്. എന്നാൽ ജില്ലയിലെ മഷ്‌റഖിലും സമീപ പ്രദേശങ്ങളിലും മാത്രം 60 ഓളം പേർ വിഷമദ്യം കഴിച്ച് കഴിഞ്ഞ മൂന്ന് ദിവസങ്ങൾക്കുള്ളിൽ മരിച്ചതായി പ്രദേശവാസികൾ പറയുന്നു.
സംഭവത്തിൽ ബിജെപി കടുത്ത പ്രതിഷേധമാണ് ഉയർത്തുന്നത്. ഇന്നലെ പ്രതിപക്ഷ നേതാവ് വിജയ് സിൻഹയുടെ നേതൃത്വത്തിൽ ഗവർണറുടെ വസതിയിലേക്ക് ബിജെപി നേതാക്കൾ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.
Discussion about this post