ബംഗലൂരു; ഹലാൽ മാംസത്തിന്റെ വിൽപന നിരോധിക്കാൻ ഒരുങ്ങി കർണാടക. ഇതു സംബന്ധിച്ച ബിൽ നിയമസഭയിൽ വൈകാതെ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. തിങ്കളാഴ്ച മുതൽ നിയമസഭയുടെ ശീതകാല സമ്മേളനം ആരംഭിച്ച സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച വാർത്തകൾ പുറത്തുവരുന്നത്.
അംഗീകാരമില്ലാത്ത ഭക്ഷ്യ വിഭവങ്ങൾ നിരോധിക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(എഫ്എസ്എസ്എഐ) നടപടി സ്വീകരിക്കണമെന്ന് ബിജെപി എംഎൽഎ എൻ രവികുമാർ ആവശ്യപ്പെട്ടു. തീരുമാനം നിലവിൽ വന്നാൽ അനധികൃത മാംസവിൽപന ശാലകൾക്ക് നിയന്ത്രണവും കൊണ്ടുവരാനാകും.
എന്നാൽ ഹലാൽ മാംസത്തെച്ചൊല്ലിയുളള ബില്ല് അംഗീകരിക്കരുതെന്ന് സ്പീക്കറോട് ആവശ്യപ്പെടുമെന്ന് പ്രതിപക്ഷ നേതാവ് ബികെ ഹരിപ്രസാദ് പറഞ്ഞു. നിയമസഭയിൽ ബില്ലിനെ എതിർക്കാൻ കോൺഗ്രസ് തയ്യാറെടുത്തുകഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വകാര്യ ബില്ലായി ഇക്കാര്യം അവതരിപ്പിക്കാനായിരുന്നു രവികുമാർ ആലോചിച്ചിരുന്നത്. ഇക്കാര്യം ഗവർണർ തവാർ ചന്ദ് ഗെലോട്ടിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ വിഷയത്തിൽ പിന്തുണ വർദ്ധിച്ചതോടെ സഭയിൽ അവതരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
ബിൽ അവതരിപ്പിക്കുകയാണെങ്കിൽ രാജ്യത്തെ ആദ്യ നീക്കമായിരിക്കും ഇത്. ഹലാൽ ഇറച്ചിയെന്ന പേരിൽ മാംസവിൽപന നടത്തുന്നതിനെതിരെ കർണാടകയിൽ ശക്തമായ ജനവികാരം നിലനിൽക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് നീക്കം.
നേരത്തെ സ്‌കൂൾ വിദ്യാർത്ഥികളിൽ മതവസ്ത്രമായ ഹിജാബ് നിർബന്ധമായി അടിച്ചേൽപിക്കാൻ തീവ്ര ഇസ്ലാമിസ്റ്റുകൾ നടത്തിയ നീക്കത്തെ കർണാടക സർക്കാർ ഉറച്ച നിലപാടോടെ പരാജയപ്പെടുത്തിയിരുന്നു. സർക്കാർ തീരുമാനത്തിനെതിരെ തീവ്ര മതവാദികൾ കോടതിയെ സമീപിച്ചെങ്കിലും ഫലം കണ്ടില്ല. സർക്കാരിന്റെ തീരുമാനത്തെ അനുകൂലിച്ചാണ് കോടതിയും ഇക്കാര്യത്തിൽ വിധി പുറപ്പെടുവിച്ചത്. ഇത് മതതീവ്രവാദികൾക്ക് വലിയ തിരിച്ചടിയുമായിരുന്നു.
Discussion about this post