തിരുവനന്തപുരം: ചൈന ഉൾപ്പെടെയുളള വിദേശരാജ്യങ്ങളിൽ നിലവിൽ കണ്ടെത്തിയ കോവിഡ് വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. അതിനാൽ തന്നെ ജാഗ്രത വേണമെന്നും എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം നൽകിയതായും വീണാ ജോർജ്ജ് പറഞ്ഞു. ചൈനയിലെ കോവിഡ് വർദ്ധനയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് റാപ്പിഡ് റെസ്പോൺസ് ടീം യോഗം ചേർന്നിരുന്നു. ഇതിന് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
എല്ലാവരും വായും മൂക്കും മൂടത്തക്ക വിധം മാസ്‌ക് ധരിക്കണം. പ്രായമായവർക്കും രോഗമുള്ളവർക്കും കുട്ടികൾക്കും പ്രത്യേക കരുതൽ വേണം. ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവുമുപയോഗിച്ച് കൈ കഴുകണം. വാക്സിൻ എടുക്കാത്തവർ അത് എടുക്കണമെന്നും മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
പുതിയ വകഭേദങ്ങളെ നിരീക്ഷിക്കാനായി ജനിതക ശ്രേണീകരണം ശക്തിപ്പെടുത്തും. കോവിഡ് രോഗലക്ഷണമുണ്ടെങ്കിൽ പുറത്തിറങ്ങാതെ വിശ്രമിക്കണം. ആവശ്യമെങ്കിൽ ചികിത്സ തേടേണ്ടതുമാണെന്നും മന്ത്രി പറഞ്ഞു. പനി, ജലദോഷം, തൊണ്ടവേദന എന്നിവ വന്നാൽ അവഗണിക്കരുത്. രോഗലക്ഷണമുള്ളവരിൽ പരിശോധന നടത്താനും നിർദേശം നൽകിയിട്ടുണ്ട്.
എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, ഡെപ്യൂട്ടി ഡയറക്ടർമാർ, ആർ.ആർ.ടി. അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
കോവിഡ് കേസുകൾ സ്ഥിരീകരിക്കുന്നവരിലെ സാമ്പിളുകളിൽ ജനിതക പരിശോധന വർദ്ധിപ്പിക്കണമെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും ആവശ്യപ്പെട്ട് ഇന്നലെ ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് സംസ്ഥാനം മുൻകരുതൽ നടപടികൾ അവലോകനം ചെയ്തത്.
Discussion about this post