ചെന്നൈ: എട്ട് വര്‍ഷം മഞ്ഞ ജേഴ്സിയണിഞ്ഞ് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നയിച്ച മഹേന്ദ്ര സിംഗ് ധോണി 2016 ഐ.പി.എല്ലില്‍ പുതിയ നിറത്തിലായിരിയ്ക്കും കളത്തിലിറങ്ങുക. ഐ.പി.എല്‍ ഒത്തു കളി വിവാദത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് രണ്ട് വര്‍ഷത്തെ വിലക്ക് ലഭിച്ച സാഹചര്യത്തിലാണ് ധോണിയുടെ തീരുമാനം.
സി.എസ്.കെ ഇല്ലാത്തതിനാല്‍ രണ്ട് വര്‍ഷത്തേയ്ക്ക് ഐ.പി.എല്ലില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ധോണി മറ്റൊരു ടീമിന് വേണ്ടി പുതിയ സീസണില്‍ കളിയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഐ,പി.എല്ലില്‍ പങ്കെടുക്കുന്ന പുതിയ രണ്ട് ടീമുകളെ സംബന്ധിച്ച് വ്യക്തതയില്ല. അതേ സമയം ഈ രണ്ടു ടീമുകളുടേയും പ്രധാന ലക്ഷ്യം ധോണിയായിരിയ്ക്കുമെന്ന് ഉറപ്പാണ്. ചെന്നൈ, രാജസ്ഥാന് ടീമുകളില്‍ നിന്നുള്ള ആറ് കളിക്കാര്‍ പുതിയ ടീമുകളിലേയ്ക്ക് പോകുമെന്നും സൂചനയുണ്ട്.
2008ലെ ആദ്യ ഐ.പി.എല്‍ മുതല്‍ എല്ലാ സീസണിലും ചെന്നൈയുടെ മഞ്ഞപ്പടയെ നയിച്ചത് ധോണിയായിരുന്നു. 7.5 കോടി രൂപയ്ക്കാണ് ആദ്യ സീസണില്‍ ധോണിയെ ചെന്നൈ വാങ്ങിയത്. ഇതിനിടെ ഏകദിന മത്സരത്തിനായി ചെന്നൈയിലെത്തിയ ധോണി ബി.സി.സി.ഐ മുന്‍ പ്രസിഡന്റ് എന്‍. ശ്രീനിവാസനുമായി കൂടിക്കാഴ്ച നടത്തി. ഐ.പി.എല്ലുമായോ ചെന്നൈ ടീമുമായോ യാതൊരു ബന്ധവും കൂടിക്കാഴ്ചയ്ക്കില്ലെന്നും വ്യക്തിപരമാണെന്നുമാണ് ധോണി പറഞ്ഞത്.
Discussion about this post