ന്യൂഡൽഹി: പുതുവർഷത്തെ വരവേറ്റ് ഭാരതം. പ്രധാന നഗരങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഹോട്ടലുകളിലും ഉൾപ്പെടെ വലിയ ആഘോഷ പരിപാടികളാണ് ഒരുക്കിയിരുന്നത്. കരിമരുന്ന് പ്രയോഗവും മ്യൂസിക് ഷോയും ലൈറ്റ് ആൻഡ് സൗണ്ട് ഷോയും ഉൾപ്പെടെ ആഘോഷരാവിന് മിഴിവേകി.
ഡൽഹിയിൽ ഇന്ത്യ ഗേറ്റിലും ഗോവയിലും മുംബൈ മറൈൻ ഡ്രൈവിലും ചെന്നൈ ബീച്ചിലും ബംഗളൂരുവിലും ഒക്കെ വലിയ ആഘോഷമാണ് ഒരുക്കിയത്. ഡൽഹിയിൽ ബഹുവർണത്തിൽ കുളിച്ചുനിന്ന ഇന്ത്യ ഗേറ്റിന്റെ ഭംഗി ആസ്വദിക്കാൻ സന്ധ്യ മുതൽ വൻ ജനത്തിരക്കായിരുന്നു അനുഭവപ്പെട്ടത്.
കേരളവും വലിയ ആഘോഷത്തോടെയാണ് പുതുവർഷത്തെ വരവേറ്റത്. സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ കോവളം അടക്കമുളള ബീച്ചുകളിലും ഹോട്ടലുകളിലും വിദേശികൾ ഉൾപ്പെടെ ആഘോഷത്തിൽ പങ്കാളികളായി. ഫോർട്ട് കൊച്ചിയിൽ പതിവുപോലെ പാപ്പാഞ്ഞിയെ കത്തിച്ച് പുതുവർഷത്തെ വരവേൽക്കുന്ന പരിപാടിയിൽ ആയിരങ്ങളാണ് സാക്ഷിയായത്.
വിവിധ ലോകരാജ്യങ്ങളും വലിയ ആഘോഷത്തോടെയാണ് പുതുവർഷത്തെ വരവേറ്റത്. ചൈനയിൽ ജനങ്ങൾ മാസ്‌ക് ഉൾപ്പെടെ ധരിച്ചാണ് പുതുവർഷ പരിപാടിയിൽ പങ്കെടുത്തത്. ബാങ്കോക്കിൽ വലിയ കരിമരുന്ന് പ്രയോഗത്തോടെയാണ് തായ് ലൻഡ് 2023 ന്റെ വരവ് ആഘോഷമാക്കിയത്. ജപ്പാൻ തലസ്ഥാനമായ ടോക്കിയോയിലും ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലും ഉൾപ്പെടെ വൻ ജനാവലിയാണ് പുതുവർഷം വരവേൽക്കാൻ പൊതു ഇടങ്ങളിൽ തടിച്ചുകൂടിയത്.
ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ ബോൾ ഡ്രോപ്പ് ഇവന്റിന് സാക്ഷിയായി ന്യൂ ഇയറിനെ വരവേൽക്കാൻ വലിയ ജനക്കൂട്ടമാണ് എത്തിയത്. കോവിഡ് വ്യാപനം മൂലം കഴിഞ്ഞ രണ്ട് വർഷമായി ഇവിടെ വലിയ തോതിൽ പുതുവർഷ പരിപാടികൾ നടത്തിയിരുന്നില്ല. കഴിഞ്ഞ വർഷം കാണികളുടെ എണ്ണം 15,000 ആക്കി ചുരുക്കിയാണ് പരിപാടി നടത്തിയത്.
Discussion about this post