ശ്രീനഗർ : ജമ്മു കശ്മീരിലെ രജൗറിയിൽ സാധാരണക്കാർക്ക് നേരേ ഭീകരാക്രമണം. തോക്കുമായെത്തിയ ഭീകരർ നടത്തിയ വെടിവെപ്പിൽ മൂന്ന് പേർ മരിച്ചു. പത്തോളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ.
ദീപക് കുമാർ, സതീഷ് കുമാർ, പ്രിതം ലാൽ എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിവെപ്പിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ആശങ്ക.
ദാംഗ്രി ഗ്രാമത്തിലെ സാധാരണക്കാർക്ക് നേരേ തോക്കുമായെത്തിയ ഭീകരർ വെടിയുതിർക്കുകയായിരുന്നെന്നാണ് പ്രാഥമിക റിപ്പോർട്ട്. ദൃക്സാക്ഷികളും ഇത് തന്നെയാണ് പോലീസിനോട് പറഞ്ഞത്. മൂന്ന് വീടുകൾക്ക് നേരേയായിരുന്നു ആക്രമണം. കാറിലെത്തിയ ഭീകരർ ആക്രമണം അഴിച്ചു വിട്ടതിനു ശേഷം തിരിച്ച് കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു.
ഭീകരർക്ക് വേണ്ടി തിരച്ചിൽ ശക്തമാക്കിയതായി എഡിജിപി മുകേഷ് സിംഗ് വ്യക്തമാക്കി. പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്. ഭീകരരെ ഉടൻ കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിൽ സാധാരണക്കാർക്ക് നേരേ ആക്രമണം നടത്തുന്ന രീതിയാണ് ഭീകരർ സ്വീകരിച്ചിട്ടുള്ളത്. ഹിന്ദു മതത്തിൽ പെട്ടവരെ തിരഞ്ഞ് പിടിച്ച് ഇല്ലാതാക്കുന്ന നീക്കമാണ് ഭീകരർ നടത്തുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന് കച്ചവടം നടത്തുന്ന ഹിന്ദു സമുദായത്തിൽ പെട്ടവരെയാണ് ഭീകരർ ലക്ഷ്യമിടുന്നത്. നേരത്തെ സൈന്യം ഭീകരർക്കെതിരെ ശക്തമായ നടപടികൾ ആരംഭിച്ചിരുന്നു. ഇതിൽ പ്രകോപിതരായാണ് സാധാരണക്കാരെ ഭീകരർ ലക്ഷ്യമിടുന്നതെന്നാണ് നിഗമനം.
Discussion about this post