കൊച്ചി: ഉണ്ണി മുകുന്ദന്റെ 2023 ലെ ആദ്യ ഹിറ്റ് ചിത്രം മാളികപ്പുറത്തിന്റെ വിജയം ആഘോഷിക്കാൻ മമ്മൂട്ടിയും. കുടുംബപ്രേക്ഷകരുടെ മനം കവർന്ന് തിയറ്ററുകളിൽ നിറഞ്ഞോടുന്ന സിനിമയുടെ വിജയം അണിയറ പ്രവർത്തകർക്കൊപ്പമാണ് മമ്മൂക്ക കേക്ക് മുറിച്ച് ആഘോഷിച്ചത്.
ഉണ്ണി മുകുന്ദനും തിരക്കഥാകൃത്ത് അഭിലാഷ് പിളളയും ബാലതാരങ്ങളായി പ്രേക്ഷകരുടെ മനസ് കവർന്ന ദേവനന്ദയും ശ്രീപദും നിർമാതാവ് ആന്റോ ജോസഫും പരിപാടിയിൽ പങ്കെടുത്തു. മാളികപ്പുറം എന്താണെന്ന് കേരളീയ സമൂഹത്തിന് പറഞ്ഞു കൊടുത്തത് മമ്മൂട്ടിയാണെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. ആ ഐശ്വര്യം തന്റെ കൂടെ സിനിമയുടെ എല്ലാ ഘട്ടത്തിലും തുടർന്നും ഉണ്ടായിരുന്നുവെന്ന് താരം കൂട്ടിച്ചേർത്തു.
മാളികപ്പുറത്തിന്റെ ചരിത്രം പറയുന്ന ഭാഗത്താണ് മമ്മൂട്ടി ശബ്ദം നൽകിയത്. ഒരു മിനിറ്റ് നീളുന്ന ഇതിന്റെ ഓഡിയോ റിലീസിന് മുൻപ് അണിയറ പ്രവർത്തകർ മമ്മൂട്ടിക്ക് പ്രത്യേകം നന്ദി പറഞ്ഞ് പുറത്തുവിട്ടിരുന്നു. പന്തളം രാജകുടുംബത്തിന്റെയും മാളികപ്പുറത്തമ്മയുടെയും ചരിത്രമാണ് മമ്മൂട്ടി വിവരിച്ചത്.
കേക്ക് മുറിക്കാൻ ദേവനന്ദയോടും ശ്രീപദിനോടും മമ്മൂട്ടി സ്‌നേഹപൂർവ്വം ആവശ്യപ്പെടുകയായിരുന്നു. ഇരുവരും കേക്ക് മുറിച്ച് മമ്മൂട്ടിക്കും ഉണ്ണി മുകുന്ദനും അഭിലാഷ് പിളളയ്ക്കും മറ്റുളളവർക്കും നൽകി ആഘോഷത്തിൽ പങ്കുചേർന്നു. എല്ലാവർക്കും സന്തോഷം ഹാപ്പി ന്യൂ ഇയർ എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.
ആന്റോ ജോസഫ് നിർമിച്ച മല്ലുസിംഗ് എന്ന സിനിമയായിരുന്നു എന്റെ ജീവിതത്തിലെ ആദ്യ പ്രമോഷൻ സിനിമയെന്നും അതിന് ശേഷം ഇത്തരമൊരു സിനിമയ്ക്കായി വീണ്ടും ആന്റോച്ചേട്ടൻ വരേണ്ടി വന്നുവെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. ഇന്ന് മാളികപ്പുറം കേരളത്തിലെ ഏറ്റവും വലിയ ഹിറ്റായി മാറി. സിനിമയുടെ രോമാഞ്ചം തന്നിൽ ഇപ്പോഴും അവസാനിച്ചിട്ടില്ല. അടുത്ത പടം മമ്മുക്കയുടെ കൂടെ എത്രയും പെട്ടന്ന് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന ഉണ്ണിയുടെ വാക്കുകൾ ചിരിയോടെയാണ് പങ്കെടുത്തവർ ഏറ്റെടുത്തത്.
Discussion about this post