അഹമ്മദാബാദ്: രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ ആശുപത്രിക്കെട്ടിടത്തിന്റെ മുകളിൽ നിന്നെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ . ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയിലെ ഷാഹിബാഗിലാണ് സംഭവം . ഫർസാന ബാനു എന്ന യുവതിയാണ് പിടിയിലായത് . രണ്ട് മാസം മുമ്പാണ് ഫർസാന പെൺകുഞ്ഞിന് ജന്മം നൽകിയത്.
കുഞ്ഞിന് ഉദരസംബന്ധമായ അസുഖങ്ങൾ ഉണ്ടായതിനെ തുടർന്ന് കുഞ്ഞുമായി ഫർസാന അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ എത്തിയിരുന്നു . മലിനമായ അവസ്ഥയിൽ കഴിയുന്നതാണ് കുഞ്ഞിനെ അസുഖത്തിന് കാരണമെന്ന് ഡോക്ടർ ഫർസാനയെ അറിയിക്കുകയും ചെയ്തു .
തുടർന്ന് കുഞ്ഞിനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത് ചികിത്സ ആരംഭിച്ചു . ഇതിനിടെ ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് കുഞ്ഞിനെ ആശുപത്രിയിലെ മൂന്നാം നിലയിൽ നിന്ന് എറിഞ്ഞ് കൊലപ്പെടുത്തിയത് . പിന്നീട് വാർഡിലേക്ക് മടങ്ങിച്ചെന്ന് ഭർത്താവിനോട് കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞ് ബഹളമുണ്ടാക്കുകയും ചെയ്തു .
പരിഭ്രാന്തനായ ഭർത്താവ് ആസിഫ് മിയാൻ കുഞ്ഞിനായി തിരച്ചിൽ നടത്തുകയും ആശുപത്രി സുരക്ഷാ ഗാർഡുകളെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് വാർഡിലെ സി-3 ലോബിയിൽ സ്ഥാപിച്ചിരുന്ന സിസിടിവി കാമറ പരിശോധിച്ചപ്പോൾ ഫർസാനയാണ് കുഞ്ഞിനെ കൊണ്ടുപോയതെന്നും, കൊലപ്പെടുത്തിയതെന്നും വ്യക്തമായി. അറസ്റ്റിലായ ഫർസാനയെ കോടതിയിൽ ഹാജരാക്കും.
Discussion about this post