ന്യൂഡൽഹി; ദ റെസിസ്റ്റൻസ് ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്രസർക്കാർ. പാകിസ്താൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്നതും ഭീകരസംഘടനയായ ലഷ്‌കർ ഇ ത്വയ്ബയുടെ ഉപസംഘടനയുമാണ് ദ റെസിസ്റ്റൻസ് ഫ്രണ്ട്. നിരോധനത്തോടൊപ്പം പാകിസ്താൻ സ്വദേശിയും ലഷ്‌കർ കമാൻഡറുമായ അബു ഖുബൈബ് എന്ന മുഹമ്മദ് അമിനെ ഭീകരനായും കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ഇയാളാണ് ദ റെസിസ്റ്റൻസ് ഫ്രണ്ടിന് ഇന്ത്യയിൽ നേതൃത്വം നൽകിയിരുന്നത്.
ലഷ്‌കർ ഇ ത്വയ്ബയുടെ പോഷകസംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ട് 2019 ൽ രൂപീകൃതമായെന്നാണ് കരുതപ്പെടുന്നത്.ഈ ഭീകരസംഘടന, രാജ്യസുരക്ഷയ്ക്കും പരമാധികാരത്തിനും ഭീഷണി ഉയർത്തുന്നുവെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോർട്ട്. കൂടാതെ ടിആർഎഫ്, നിരവധി യുവാക്കളെ ഓൺലൈനായി റിക്രൂട്ട് ചെയ്യുകയും അവരെ തീവ്രവാദപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
നുഴഞ്ഞുകയറ്റം,ആയുധക്കടത്ത്,മയക്കുമരുന്ന് കടത്ത്, പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിലേർപ്പെട്ട നിരവധി ദ റെസിസ്റ്റൻസ് ഫ്രണ്ട് അംഗങ്ങൾ ജമ്മുകശ്മീരിലുടനീളം പിടിയിലായിട്ടുണ്ട്. ഭീകരർക്കെതിരായി വാർത്തകൾ നൽകുന്ന മാദ്ധ്യമപ്രവർത്തകർക്കെതിരെ കഴിഞ്ഞ മാസം ഇവർ വധഭീഷണി മുഴക്കിയിരുന്നു. സോഷ്യൽമീഡിയയിലൂടെ ജമ്മുകശ്മീരിലെ ജനങ്ങളെ ഇന്ത്യക്കെതിരെ തിരിക്കുന്നതും ടിആർഫിന്റെ മുഖ്യ അജണ്ടകളിലൊന്നായിരുന്നു.
വ്യക്തിഗതഭീകരനായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച അബു ഖുബൈബ്, ലഷ്‌കർ-ഇ-ത്വയ്ബയുടെ ലോഞ്ചിംഗ് കമാൻഡറായി പ്രവർത്തിക്കുകയും മറ്റ് ഭീകരസംഘടനകളുമായി ആഴത്തിലുള്ള ബന്ധം വളർത്തിയെടുക്കുകയും ചെയ്തു. ജമ്മു കശ്മീരിലെ ജമ്മു മേഖലയിൽ ലഷ്‌കർ ഇ-ത്വയ്ബയുടെ തീവ്രവാദ പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കാനും ത്വരിതപ്പെടുത്താനും പ്രവർത്തിച്ചുവെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നു. ഭീകരാക്രമണങ്ങൾ, ആയുധങ്ങളോ സ്ഫോടക വസ്തുക്കളോ വിതരണം ചെയ്യൽ, അതിർത്തിക്കപ്പുറത്ത് നിന്ന് ജമ്മു കശ്മീരിലെ ഭീകരർക്ക് സാമ്പത്തിക സഹായം നൽകൽ എന്നിവയിൽ അബു ഖുബൈബ് പങ്കാളിയാണെന്ന് കേന്ദ്രം വ്യക്തമാക്കുന്നു.
Discussion about this post