തിരുവനന്തപുരം: പുതുവർഷത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സ്നേഹസമ്മാനം. കശ്മീരിൽ നിന്നുള്ള വിശേഷ വസ്തുക്കളാണ് ക്ലിഫ് ഹൗസിലേക്ക് ഗവർണർ കൊടുത്തയച്ചത്. കശ്മീരി ബ്രെഡ്, കുങ്കുമം ചേർത്ത കാവ തേയില തുടങ്ങിയവ സമ്മാനപ്പൊതിയിൽ ഉണ്ടായിരുന്നു. പുതുവത്സര ദിനത്തിൽ ഗവർണർ കശ്മീരിലായിരുന്നു. ഇവിടെ നിന്നും കൊണ്ടു വന്ന വിശേഷ വസ്തുക്കളാണ് കൊടുത്തയച്ചത്.
മന്ത്രി സജി ചെറിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം രാത്രിയോടെ രാജ്ഭവനിലെ ജീവനക്കാരന്റെ കൈവശമാണ് ഗവർണർ ക്ലിഫ്ഹൗസിലേക്കുള്ള സമ്മാനം കൊടുത്തയച്ചത്.സമ്മാനം കൊടുത്തയക്കുന്ന കാര്യം സത്യാപ്രതിജ്ഞാ ചടങ്ങിന് ശേഷം ഗവർണർ മുഖ്യമന്ത്രിയോട് വേദിയിൽ വച്ച് തന്നെ പറഞ്ഞിരുന്നുവെന്നാണ് രാജ്ഭവനിൽ നിന്നുള്ള വിവരം.
നേരത്തേയും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമാനമായ രീതിയിൽ ക്ലിഫ് ഹൗസിലേക്ക് സമ്മാനങ്ങൾ കൊടുത്തയച്ചിട്ടുണ്ട്. കൊറോണയുടെ സമയത്ത് ഉത്തർപ്രദേശിലെ സ്വന്തം നാട്ടിൽ നിന്നെത്തിച്ച മാമ്പഴം മുഖ്യമന്ത്രിക്ക് അദ്ദേഹം സമ്മാനിച്ചിരുന്നു. മുഖ്യമന്ത്രിക്ക് പുറമെ പല മന്ത്രിമാർക്കും മറ്റ് പല പ്രധാന പദവികളിൽ ഇരിക്കുന്നവർക്കും അദ്ദേഹം ഇത്തരത്തിൽ മാമ്പഴം കൈമാറിയിരുന്നു. പ്രിയപ്പെട്ടവരുടെ പിറന്നാൾ ദിവസങ്ങളിൽ കേക്ക് കൊടുത്തയക്കുന്നതും ആരിഫ് മുഹമ്മദ് ഖാന്റെ രീതിയാണ്.
Discussion about this post