ലണ്ടൻ : ബ്രിട്ടീഷ് സൈന്യത്തിൽ സേവനമനുഷ്ഠിക്കവേ ഇരുപത്തിയഞ്ച് താലിബാൻ ഭീകരരെ വധിച്ചിട്ടുണ്ടെന്ന് ഹാരി രാജകുമാരൻ. തന്റെ ഓർമ്മക്കുറിപ്പുകളിലാണ് ഹാരി സൈനിക കാലത്തെ സംഭവങ്ങൾ വിവരിച്ചത്. ചെസ് കളികളിലെ കരുക്കളെ പോലെയായിരുന്നു. ഓരോരുത്തരേയും വെടിവെച്ചു വീഴ്ത്തി മുന്നേറുകയായിരുന്നെന്നും അദ്ദേഹം അനുസ്മരിച്ചു. അഫ്ഗാനിൽ ബ്രിട്ടീഷ് സൈന്യത്തിന്റെ ഭാഗമായി യുദ്ധത്തിൽ പങ്കെടുത്തതിനെക്കുറിച്ച് വിവരിക്കുകയായിരുന്നു അദ്ദേഹം.
കൊലചെയ്തവരുടെ എണ്ണം കുറഞ്ഞ് പോയത് തനിക്ക് സംതൃപ്തി നൽകുന്നില്ല. എന്നാൽ അത് തന്നെ നിരാശപ്പെടുത്തുന്നുമില്ല. തനിക്ക് അത് പറയാൻ ഭയമില്ലാത്തത് കൊണ്ടാണ് കൊല്ലപ്പെട്ട താലിബാൻ ഭീകരരുടെ എണ്ണം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജകീയ ജീവിതത്തിലെ നാടകങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സൈനിക സേവനം തന്നെ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം അനുസ്മരിച്ചു. സൈന്യത്തിലെത്തിയപ്പോൾ രാജകുമാരൻ എന്ന പദവി ഇല്ലാതാവുകയായിരുന്നു. വെയ്ൽസ് ഓഫ് ദ ബ്ലൂസ് ആൻഡ് റോയൽസ് എന്ന സൈനിക വിഭാഗത്തിലെ സെക്കൻഡ് ലെഫ്റ്റനന്റ് മാത്രമായി മാറുകയായിരുന്നു താൻ.
ഭാര്യയും കുട്ടികളും ഒക്കെ ആകുന്നതിനു മുൻപേ സൈന്യത്തിൽ നിന്ന് വിടപറയണമെന്ന് താൻ തീരുമാനിച്ചിരുന്നു. സൈനിക സേവനത്തിനായി ദീർഘകാലം അവരെ പിരിഞ്ഞു നിൽക്കുന്നത് തനിക്ക് ആലോചിക്കാൻ കൂടി വയ്യായിരുന്നു. മാത്രമല്ല പരിക്ക് പറ്റുകയോ മരിക്കുകയോ ചെയ്താൽ കുടുംബത്തിന്റെ അവസ്ഥ എന്നെന്നേക്കുമായി മോശമായിപ്പോകുമായിരുന്നെന്നും അദ്ദേഹം കുറിച്ചു.
രാജ്യത്തിനു വേണ്ടി സൈനിക സേവനം ചെയ്യുന്നവരുടെ കുടുംബങ്ങളുടെ ത്യാഗം എക്കാലവും ഓർമ്മിക്കപ്പെടേണ്ടതാണെന്നും ഹാരി ഓർമ്മക്കുറിപ്പിൽ വ്യക്തമാക്കി.
Discussion about this post