ബംഗളൂരു; ബംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ അടുത്ത വർഷത്തോടെ സജ്ജമാകുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. 17,000 കോടി രൂപ ചെലവിലാണ് ബംഗളൂരു മുതൽ ചെന്നൈ വരെയുള്ള എക്‌സ്പ്രസ് വേ നിർമ്മിക്കുന്നത്. 2024 മാർച്ചോടെ പദ്ധതി പൂർത്തിയാകും. ബംഗളൂരു മുതൽ മൈസൂരു വരെയുള്ള 52 കിലോമീറ്റർ ഗ്രീൻഫീൽഡ് അലൈൻമെന്റും പദ്ധതിയുടെ ഭാഗമാണ്. 9000 കോടി രൂപയാണ് ഇതിന്റെ മാത്രം ചെലവ്. ഈ വർഷം ഫെബ്രുവരിയിൽ ബംഗളൂരു-മൈസൂർ ഹൈവേയുടെ പണി പൂർത്തിയാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയോ, രാഷ്ട്രപതി ദ്രൗപദി മുർമ്മുവോ ആയിരിക്കും ഇതിന്റെ ഉദ്ഘാടനം നിർവഹിക്കുകയെന്നും നിതിൻ ഗഡ്കരി വ്യക്തമാക്കി.
ബെംഗളൂരു-മൈസൂരു ഹൈവേ 10 വരി പാതയാണ്. പദ്ധതി പൂർത്തിയാകുന്നതോടെ ബംഗളൂരുവിൽ നിന്ന് മൈസൂരിലേക്കുള്ള യാത്രാസമയം 70 മിനിറ്റായി കുറയുമെന്നും നിതിൻ ഗഡ്കരി വ്യക്തമാക്കി. ബംഗളൂരു-മൈസൂരു ഹൈവേയുടെ അറ്റകുറ്റപ്പണികൾ മാത്രമാണ് ഇനി പൂർത്തിയാകാനുള്ളത്. പാതയുടെ നിർമ്മാണപ്രവർത്തനങ്ങളും അദ്ദേഹം വിലയിരുത്തി. 288 കിലോമീറ്റർ ദൂരത്തിലാണ് ബംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ ്ഒരുങ്ങുന്നത്. ഇതിൽ 243 കിലോമീറ്റർ കർണാടകയിലും 45 കിലോമീറ്റർ തമിഴ്‌നാട്ടിലൂടെയും കടന്നുപോകും. വലിയ രീതിയിലുള്ള സമയലാഭമാണ് ഈ പദ്ധതി പൂർത്തിയാകുന്നത് വഴി ഉണ്ടാകുന്നത്.
ബംഗളൂരുവിലേയും തമിഴ്നാട്ടിലേയും പ്രധാന നഗരപ്രദേശങ്ങളെ എല്ലാം എക്‌സ്പ്രസ് വേയുമായി ബന്ധിപ്പിക്കും. കർണാടകയിലെ കുടകിലേക്കും തമിഴ്‌നാട്ടിലെ ഊട്ടിയിലേക്കും കേരളത്തിലേക്കുമെല്ലാം എക്‌സ്പ്രസ് വേ വഴി എളുപ്പത്തിൽ എത്താൻ സാധിക്കും. പൂനെ-ബംഗളൂരു റൂട്ടുമായും, പിന്നീട് മുംബൈ-പൂനെ എക്‌സ്പ്രസ് വേയുമായും ബംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ ബന്ധിപ്പിക്കും. ഇതോടെ ബംഗളൂരുവിൽ നിന്ന് മുംബൈയിലേക്ക് ആറര മുതൽ 7 മണിക്കൂർ വരെ സമയത്തിനുള്ളിൽ എത്താൻ സാധിക്കും. 18,000 കോടി രൂപ ചെലവിൽ ബംഗളൂരുവിൽ ലോജിസ്റ്റിക് പാർക്ക് ആസൂത്രണം ചെയ്തിട്ടുണ്ടെന്നും നിതിൻ ഗഡ്കരി വ്യക്തമാക്കി.
Discussion about this post