മെക്സിക്കോ സിറ്റി – മെക്സിക്കൻ മാഫിയ തലവൻ ഒവീഡിയോ ഗുസ്മാന്റെ അറസ്റ്റിന് പിന്നാലെ രാജ്യത്ത് വ്യാപക ആക്രമണം. 29 പേർ കൊല്ലപ്പെട്ടു. 19 അക്രമികളും 10 സൈനികരുമാണ് കൊല്ലപ്പെട്ടത്. 35 പേർക്ക് പരിക്കേറ്റു. മെക്സികോയിലെ സിനലോവയിലാണ് ആക്രമണം അരങ്ങേറിയത്. ഇതിന്റെ ഭയാനകമായ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
മെക്സിക്കൻ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പ്രകാരം വ്യാഴാഴ്ച പുലർച്ചെയാണ് കുപ്രസിദ്ധ ലഹരി മാഫിയ മുൻ തലവൻ ജൊവാക്വിം ഗുസ്മാന്റെ മകൻ ഒവീഡിയോയെ പിടികൂടിയത്. ലോത്തിലെ ഏറ്റവും സമ്പന്നനും ശക്തനുമായ മാഫിയ രാജാവാണ് എൽചാപോ എന്ന് വിളിപ്പേരുളള ഗുസ്മാൻ.
ഒവീഡിയോയുടെ അറസ്റ്റിന് പിന്നാലെ പ്രദേശത്ത് ഗ്യാംഗുകൾ വ്യാപക ആക്രമണങ്ങൾ അഴിച്ചുവിടുകയാണ്. പരസ്പരം ഏറ്റുമുട്ടിയും തീവെച്ചുമാണ് ആക്രമണം നടത്തുന്നത്. കുലിയാക്കൻ ടൗണിലാണ് ആക്രമികൾ ഏറ്റുമുട്ടിയത്. എൽചാപ്പോ യുഎസിൽ തടവിലാക്കിയിട്ടും ക്രിമിനൽ പ്രവർത്തനങ്ങൾ തുടരുന്ന കാർട്ടലിന്റെ ശക്തികേന്ദ്രമായാണ് കുലിയാക്കൻ കണക്കാക്കപ്പെടുന്നത്. വാഹനങ്ങൾക്ക് തീവെച്ചും റോഡ് ബ്ലോക്ക് ചെയ്തും കലാപം നടത്താനായിരുന്നു ഇവരുടെ ശ്രമം. ഈ സാഹചര്യത്തിൽ പ്രദേശത്ത് സുരക്ഷാ സേനയെ വിന്യസിച്ചിരിക്കുകയാണ്. ജനങ്ങളോട് വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന് ഭരണകൂടം നിർദ്ദേശിച്ചിട്ടുണ്ട്.
ഇത് രണ്ടാം തവണയാണ് ഓവീഡിയോ ഗുസ്മാൻ എന്ന “എൽ റാറ്റൺ” അറസ്റ്റിലാകുന്നത്. 2019 ൽ സിനലോവയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തെങ്കിലും, പൊതു സുരക്ഷ കണക്കിലെടുത്ത് പെട്ടെന്ന് തന്നെ വിട്ടയച്ചു. സൈനിക ആയുധങ്ങൾ കൈവശം വച്ചു നരഹത്യശ്രമം ഉൾപ്പെടെയുളള കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
Discussion about this post