കാബൂൾ: സൈന്യത്തിൽ സേവനം അനുഷ്ഠിക്കുമ്പോൾ അഫ്ഗാനിസ്ഥാനിൽ വച്ച് താലിബാൻ ഭീകരരെ കൊന്നിട്ടുണ്ടെന്ന ഹാരി രാജകുമാരന്റെ വാദത്തെ പരിഹസിച്ച് താലിബാൻ. പരാജിതന്റെ വിടുവായത്തരമെന്നാണ് താലിബാൻ ഹാരിയുടെ വാക്കുകളെ വിശേഷിപ്പിച്ചത്. ” എല്ലാവരുടേയും ശ്രദ്ധ നേടാൻ ശ്രമിക്കുന്ന പരാജിതന്റെ വിടുവായത്തരമാണ് ഹാരിയുടെ വാക്കുകളെന്ന് താലിബാൻ കമാൻഡർ മൗലവി അഘ ഗോൽ പറഞ്ഞു.
” മുജാഹിദ്ദീനെക്കുറിച്ച് അയാൾ പറഞ്ഞത് ഞാൻ ഒരിക്കലും വിശ്വസിക്കില്ല. അയാൾ പരാജയപ്പെട്ടവനാണ്. യുദ്ധമേഖലയിലേക്ക് പോകാൻ പോലും പേടിക്കുന്നവൻ. അവനേയും അവന്റെ സൈന്യത്തേയും ഈ നാട്ടിൽ നിന്ന് ഞങ്ങൾ പുറത്താക്കിയതാണ്. അതിൽ അയാൾക്ക് ദേഷ്യമുണ്ടായിരിക്കും. ഞങ്ങളുടെ രക്തസാക്ഷികൾ സ്വർഗത്തിലാണുള്ളത്. പക്ഷേ ഹാരിയുടെ മോശം സുഹൃത്തുക്കൾ നരകത്തിൽ കഷ്ടപ്പെടുകയാണ്. ശരിക്കുളള ചെസ് കളി എന്താണെന്ന് ഹാരി മനസിലാക്കണമെന്നും” അഘ ഗോൽ പരിഹസിച്ചു.
ഹാരിയുടെ ഓർമ്മക്കുറിപ്പായ ‘സ്‌പെയറി’ലാണ് ഇത് സംബന്ധിച്ചുള്ള പരാമർശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. സൈനിക സേവനത്തിനിടെ 25ഓളം താലിബാൻ ഭീകരരെ വധിച്ചുവെന്നാണ് ഹാരിയുടെ വാദം. താൻ നേരിട്ട ഭീകരർ തനിക്ക് ചെസ് കട്ടകൾ പോലെ മാത്രമായിരുന്നുവെന്നും ഹാരി പറയുന്നു.












