കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവങ്ങളുടെ ഊട്ടുപുരകളിൽ
ഇനി പഴയിടം രുചി ഉണ്ടാകില്ല. ഇനി കലോത്സവ വേദികളിലെ ഭക്ഷണ ശാലകൾ ഏറ്റെടുക്കില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി വ്യക്തമാക്കി. കലോത്സവത്തിന് നോൺ വെജ് നൽകുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പഴയിടത്തെ വ്യക്തിപരമായി അധിക്ഷേപിക്കാനും നീക്കം നടന്നിരുന്നു. ഇത് വേദനിപ്പിച്ചുവെന്നും കോഴിക്കോട് കലോത്സവത്തിന് തിരശ്ശീല വീണതിന് പിന്നാലെ അദ്ദേഹം വ്യക്തമാക്കി.
ഇത്രയും കാലം നിധി പോലെ നെഞ്ചേറ്റിക്കൊണ്ട് നടന്നതാണ് സ്കൂൾ കലോത്സവങ്ങളിലെ അടുക്കളകൾ. ആ നിധി ഇനി സൂക്ഷിക്കുന്നത് ശരിയല്ലെന്ന് തോന്നിയത് കൊണ്ടാണ് തീരുമാനം. നമ്മുടെ സാത്വിക മനസിന് ഉൾക്കൊള്ളാവുന്ന കാര്യങ്ങൾ അല്ല ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്നും പഴയിടം പറഞ്ഞു.
ഇപ്പോഴത്തെ സാഹചര്യങ്ങൾ എന്നെ വല്ലാതെ അസ്വസ്ഥമാക്കുന്നു. ഒരു വ്യക്തിയെയും ആ വ്യക്തിയുടെ സാമൂഹിക അന്തരീക്ഷത്തെയും മലീമസപ്പെടുത്തുന്ന ചില ചെളിവാരിയെറിയലുകളാണ് നടന്നത്. കഴിഞ്ഞ ദിവസങ്ങളിൽ എന്തൊക്കെയാണ് പറഞ്ഞു കൊണ്ടിരുന്നതെന്ന് എല്ലാവരും കണ്ടതാണ്. അതൊന്നും ഇനി ഉൾക്കൊള്ളേണ്ട കാര്യമില്ല.
കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗീയതയും വാരിയെറിയുന്ന കാലമാണിത്.
കൗമാര സ്വപ്നങ്ങൾ വന്ന് ആടി തിമർത്ത് സന്തോഷത്തോടെ ഭക്ഷണം കഴിച്ച് പോകണ്ട ഭക്ഷണശാലയിലാണ് ഇത്തരം വിഷവിത്തുകൾ വാരിയെറിഞ്ഞത്. അത് എന്നിൽ ഭയമുണ്ടാക്കി. ഭയം വന്നു കഴിഞ്ഞാൽ ഒരു അടുക്കള നിയന്ത്രിക്കാൻ പ്രയാസമായിരിക്കും. നോൺ വെജ് ഉൾക്കൊളളിച്ചില്ലെങ്കിലും താൻ ഇനി ഇല്ലെന്നും പഴയിടം ഉറപ്പിച്ചു പറഞ്ഞു.
പഴയിടം എന്നത് പൂർണമായി ഒരു വെജിറ്റേറിയൻ ബ്രാൻഡ് തന്നെയായിരുന്നു. ഇനി ഭക്ഷണ ശീലങ്ങളും ഭക്ഷണ രീതികളും മാറി വരുന്ന കലോത്സവ അടുക്കളകളിൽ പഴയിടത്തിന്റെ സാന്നിധ്യത്തിന് അത്ര പ്രസക്തിയില്ല എന്ന് തോന്നിയത് കൊണ്ട് കൂടിയാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
കലോത്സവ വേദികളിലെ ഭക്ഷണശാലകളിൽ വെജിറ്റേറിയൻ വിഭവങ്ങൾ മാത്രം വിളമ്പുന്നത് ബ്രാഹ്മണിക്കൽ ഹെജിമണി (ആധിപത്യം ) ആണെന്ന് ആയിരുന്നു മുൻ മാദ്ധ്യമ പ്രവർത്തകൻ കൂടിയായ അരുൺ കുമാറിന്റെ ആരോപണം. ഇത് പ്രസാദമൂട്ടല്ലെന്നും കലോത്സവ വേദിയാണെന്നും അരുൺ കുമാർ പറഞ്ഞിരുന്നു. സംഭവത്തിൽ പഴയിടം മോഹനൻ നമ്പൂതിരിക്ക് വലിയ പിന്തുണയാണ് സമൂഹമാദ്ധ്യമങ്ങളിൽ ലഭിച്ചത്.
Discussion about this post