ജൂബ ;ദക്ഷിണ സുഡാൻ പ്രസിഡന്റ് പാന്റിൽ മൂത്രമൊഴിക്കുന്ന വീഡിയോ വൈറലായതിനെ തുടർന്ന് സുരക്ഷാ സേന ആറ് മാദ്ധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. 71 കാരനായ പ്രസിഡന്റ് സാൽവ കിറിന്റെ ഈ വീഡിയോ ക്ലിപ്പ് ഔദ്യോഗിക പരിപാടിക്കിടെ ചിത്രീകരിച്ചതാണ്. സാൽവ കീർ ദേശീയ ഗാനത്തിനായി എഴുന്നേറ്റ് നിൽക്കുന്നത് വീഡിയോയിൽ കാണാം.
അതിനിടയിൽ സാൽവ കീറിന്റെ പാന്റിൽ മൂത്രം വീഴുന്നുണ്ട് , പിന്നീട് ഇത് കാലിലേക്ക് പടർന്നു. തുടർന്ന് ക്യാമറ പെട്ടെന്ന് ഓഫാകുന്നു -ഇങ്ങനെയാണ് വീഡിയോയിലെ കാഴ്ച്ച. സംഭവത്തിന്റെ വീഡിയോ വൈറലായതിനെ തുടർന്ന്, ദക്ഷിണ സുഡാനിലെ നാഷണൽ സെക്യൂരിറ്റി സർവീസസിലെ ഉദ്യോഗസ്ഥർ സ്റ്റേറ്റ് ചാനലായ സൗത്ത് സുഡാൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷനിൽ (എസ്എസ്ബിസി) ആറ് മാദ്ധ്യമപ്രവർത്തകരെ കസ്റ്റയിലെടുത്തു.
ഈ ദൃശ്യങ്ങൾ മാദ്ധ്യമപ്രവർത്തകർ പുറത്തുവിട്ടതാണെന്നാണ് ഉദ്യോഗസ്ഥർ സംശയിക്കുന്നത്.കൺട്രോൾ റൂം ഡയറക്ടർ ജോവൽ ടോംബെ, ക്യാമറ ഓപ്പറേറ്ററും ടെക്‌നീഷ്യനുമായ വിക്ടർ ലാഡോ, ക്യാമറ ഓപ്പറേറ്റർമാരായ ജോസഫ് ഒലിവർ, ജേക്കബ് ബെഞ്ചമിൻ, ക്യാമറ ഓപ്പറേറ്ററും ടെക്‌നീഷ്യനുമായ മുസ്തഫ ഉസ്മാൻ, കൺട്രോൾ റൂം ടെക്‌നീഷ്യൻ ചെർബെക് റൂബൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തതെന്ന് എസ്എസ്ബിസി അറിയിച്ചു.
അതേസമയം മാദ്ധ്യമപ്രവർത്തകർക്ക് വേണ്ടി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ ‘കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്സ്’ മാദ്ധ്യമപ്രവർത്തകരെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്. 2011-ൽ സ്വാതന്ത്ര്യം ലഭിച്ചതു മുതൽ ദക്ഷിണ സുഡാൻ ഭരിക്കുന്നത് കിർ ആണ്. കീർ അധികാരമേറ്റതിന് ശേഷം രാജ്യത്ത് ഇതുവരെ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല.











Discussion about this post