അരുൺ കുമാർ എന്ന മുൻ മാദ്ധ്യമ പ്രവർത്തകന്റെ ജാതീയമായി അധിക്ഷേപത്തിൽ മനം നൊന്ത് പഴയിടം മോഹനൻ നമ്പൂതിരി എന്ന പാചക വിദഗ്ധൻ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ദേഹണ്ഡപ്പുരയിൽ ഒരിറ്റ് കണ്ണുനീർ വീഴ്ത്തി പടിയിറങ്ങി. പതിനാറ് വർഷം സംസ്ഥാന സർക്കാരും കലോത്സവ സംഘാടകരും തീരുമാനിച്ച ഭക്ഷണ മെനു ഏറ്റവും കുറഞ്ഞ തുകയ്ക്ക് ടെണ്ടർ പിടിച്ച് ഏറ്റവും രുചികരമായും വിശ്വസനീയമായും കുട്ടികൾക്ക് വിളമ്പി നൽകിയ പഴയിടം പടിയിറങ്ങുമ്പോൾ ഒപ്പം ഒരു സംസ്കാരം കൂടിയാണ് പടിയിറങ്ങി മറയുന്നത്.
നാളിതുവരെയും കുട്ടികൾക്കോ രക്ഷിതാക്കൾക്കോ ഇല്ലാതിരുന്ന ഭക്ഷണ താലിബാൻ വാദമാണ്, വെജിറ്റേറിയൻ ഫണ്ടമെന്റലിസം, ബ്രാഹ്മണിക്കൽ ഹെജിമണി തുടങ്ങിയ പേരുകളിൽ അരുൺ കുമാർ പഴയിടത്തിന് മേൽ അടിച്ചേൽപ്പിച്ചത്. പൊതുവികാരം തനിക്ക് എതിരാണ് എന്ന തിരിച്ചറിവിൽ തന്റെ ഭാഗം ന്യായീകരിക്കാൻ അരുൺ കുമാർ എടുത്തണിഞ്ഞ ഓരോ കവചങ്ങളും പിന്നീട് കേരളീയ സമൂഹത്തിന് മുന്നിൽ നിഷ്പ്രഭമായി മാറുന്നതും നമ്മൾ കണ്ടു. മേളകളിൽ ഭക്ഷണത്തിന്റെ മെനു തീരുമാനിക്കുന്നത് സംഘാടകരാണെന്നും, സംഘാടകരുടെ ആവശ്യപ്രകാരം താൻ കായിക മേളകളിൽ മാംസാഹാരവും വിളമ്പാറുണ്ടെന്നും പഴയിടം തന്നെ വിശദീകരിച്ചപ്പോൾ, പൊതുമദ്ധ്യത്തിൽ വിവസ്ത്രനാക്കപ്പെട്ടവന്റെ പരവേശമായിരുന്നു അരുൺ കുമാറിന്.
അടുത്ത തവണ കലോത്സവത്തിന് മാംസാഹാരവും വിളമ്പും എന്ന പ്രഖ്യാപനമാണ് അരുൺ കുമാറിനെ തൃപ്തിപ്പെടുത്തുവാൻ വിദ്യാഭ്യാസ മന്ത്രി നടത്തിയത്. സ്വാഭാവികമായും, മാംസാഹാരം വിളമ്പുമ്പോൾ ഹലാൽ വേണമെന്ന വാദം തീവ്ര മുസ്ലീം സംഘടനകൾ ഉന്നയിക്കും എന്നുറപ്പാണ്. അതിന് സർക്കാർ തയ്യാറായാൽ, മറ്റൊരു ദൈവത്തിന് സമർപ്പിക്കപ്പെട്ട ഭക്ഷണം തങ്ങൾ കഴിക്കാൻ തയ്യാറല്ല എന്ന മറുവാദം ഉയരും. സ്വാഭാവികമായും വലിയ വിവാദങ്ങളിലേക്ക് കലോത്സവം എത്തിപ്പെടാനുള്ള സാഹചര്യമാണ് ഇവിടെ അരുൺ കുമാർ തുറന്നിടുന്നത്. 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് നടക്കാൻ സാദ്ധ്യതയുള്ള കലോത്സവത്തിൽ അത്തരം ഒരു വിവാദത്തിലൂടെ വർഗീയ ചേരിതിരിവ് സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള സിപിഎമ്മിന്റെ ഗൂഢനീക്കത്തിന്റെ ആണിക്കല്ലാണ് അരുൺ കുമാർ എന്ന ആക്ഷേപം ഇപ്പോഴേ ഉയർന്നു കഴിഞ്ഞു.
ശബരിമല വിഷയം വിവാദമായി നിന്ന സമയത്തും അതിനെ തുടർന്നുണ്ടായ രാഷ്ട്രീയ പരിതസ്ഥിതികളിലും സിപിഎമ്മിനെ വഴിവിട്ട് സഹായിച്ച അജണ്ടകളുടെ ഈറ്റില്ലമായിരുന്ന കേരളത്തിലെ പല മുഖ്യധാരാ മാദ്ധ്യമ സ്ഥാപനങ്ങളും. ശബരിമല വിഷയത്തെ ഏറ്റവും മ്ലേച്ഛമായ രീതിയിൽ മുതലെടുത്തു കൊണ്ടാണ് 24 ന്യൂസ് എന്ന സ്ഥാപനം തന്നെ അവതരിച്ചത്. ശബരിമലയിൽ യുവതികളെ കയറ്റിയത് ശരിയാണെന്ന് സർവേയിൽ താത്വികമായി സമർത്ഥിച്ച അരുൺ കുമാർ അന്നേ തന്റെ നയം വ്യക്തമാക്കിയിരുന്നു.
ശബരിമലയെ തകർക്കാൻ 24 ന്യൂസ് ശ്രമിച്ചുവെന്ന പരസ്യ ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പിന്നീട് ആരോപിച്ചിരുന്നു. ശബരിമലയിൽ യുവതീ പ്രവേശനത്തിന് കച്ചകെട്ടി എത്തിയ മനീതി സംഘത്തിന് അകമ്പടി സേവിച്ച ഒരേയൊരു മലയാളം ചാനലായിരുന്നു 24 ന്യൂസ്. ഇതിന് സർക്കാരിന്റെ ഒത്താശയുണ്ടെന്നും ബിജെപി ആരോപിച്ചിരുന്നു.
പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലും 24 ന്യൂസ് മാദ്ധ്യമ പ്രവർത്തകനായിരുന്ന സഹിൻ ആന്റണിയും ചേർന്ന് തയ്യാറാക്കിയ വ്യാജ ചെമ്പോലയും ഉന്നത ഗൂഢാലോചനയുടെ ഭാഗമായിരുന്നു. മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും അറിവോടെയായിരുന്നു ഇത്. തൃപ്തി ദേശായിയുടെ വരവിന് പിന്നിലും ഇതേ ഗൂഢസംഘം തന്നെ ആയിരുന്നുവെന്നും കെ സുരേന്ദ്രൻ ആരോപിച്ചിരുന്നു.
സഹിൻ ആന്റണിയും അരുൺ കുമാറുമെല്ലാം സിപിഎമ്മിന്റെ കേഡറുകളാണ് എന്ന കെ സുരേന്ദ്രന്റെയും ബിജെപിയുടെയും ആരോപണം ഇന്നത്തെ കലോത്സവ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പരിശോധിക്കുമ്പോൾ, കേരളത്തെ വിഴുങ്ങുന്ന ബൗദ്ധിക ഹിന്ദുവിരുദ്ധതയുടെ പല മാനങ്ങളാണ് നമുക്ക് മുന്നിൽ അനാവൃതമാകുന്നത്. ഇനിയും അരുൺ കുമാറിനെയൊക്കെ നിഷ്പക്ഷ സാമൂഹ്യ നിരീക്ഷകൻ എന്നും മറ്റും വിശേഷിപ്പിക്കാൻ നിഷ്കളങ്കരേ നിങ്ങൾക്ക് നാണമില്ലേ എന്നാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ ഉയരുന്ന ചോദ്യങ്ങൾ.
ഇത്തരത്തിൽ, സംസ്ഥാന സർക്കാരും സിപിഎമ്മും സമീപകാലത്ത് എന്നൊക്കെ വർഗീയത ആളിക്കത്തിക്കാൻ ശ്രമിച്ചിട്ടുണ്ടോ, അന്നൊക്കെ അതിന്റെ അണിയറയിലും അരങ്ങിലും അരുൺ കുമാർ ഉണ്ടായിരുന്നു. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ കലാപം അരങ്ങേറുമ്പോൾ അരുൺ കുമാർ ഉൾപ്പെടെയുള്ളവരുടെ നിലപാടുകൾ ഉമർ ഖാലിദും സഫൂറ സർഗാറും ഷർജീൽ ഇമാമും ഉൾപ്പെടെയുള്ള കലാപകാരികൾക്കൊപ്പമായിരുന്നു. ഏറ്റവും ഒടുവിൽ, അടുത്തയിടെ നടന്ന ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളുമായി ബന്ധപ്പെട്ട് പോലും അരുൺ കുമാർ തുറന്നുവിട്ട മതഭൂതം കേരളീയ മനസ്സാക്ഷിയെ മലീമസമാക്കുന്നത് നമ്മൾ കണ്ടു.
ഹൈന്ദവതയെ ഉന്മൂലനം ചെയ്യാൻ, രൂപീകൃതമായ കാലം മുതൽ ശ്രമിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ. അത്തരത്തിലുള്ള ഉന്മൂലനത്തിന് പ്രത്യക്ഷ ആയുധങ്ങളായി അവർ കൊടി സുനിയെയും ട്രൗസർ മനോജിനെയും ഇസ്ലാമിക തീവ്രവാദികളെയുമൊക്കെ ഉപയോഗിക്കുമ്പോൾ, മധുരം പൊതിഞ്ഞ വിഷം എന്നോണം അവർ ഉപയോഗിക്കുന്ന മാരകമായ പരോക്ഷ ആയുധങ്ങളാണ് ബുദ്ധിജീവികൾ, കലാകാരന്മാർ, മാദ്ധ്യമ പ്രവർത്തകർ എന്നീ മേലങ്കികൾ അണിഞ്ഞ് നടക്കുന്ന ചുവപ്പൻ സൈദ്ധാന്തികന്മാർ. ഇകൂട്ടത്തിൽ, തങ്ങളിൽ ആരാണ് കൊടിയ വിഷം എന്ന കാര്യത്തിൽ ഇവർ തമ്മിൽ ആരോഗ്യകരമായ മത്സരങ്ങളും നടക്കാറുണ്ട്. ആ മത്സരത്തിൽ പലപ്പോഴും സിപിഎമ്മിനെ കോൾമയിർ കൊള്ളിക്കുന്ന പ്രകടനങ്ങളുമായി മുൻപന്തിയിൽ നിൽക്കുന്നവരാണ് അരുൺ കുമാറും സുനിൽ പി നുണയിടവും കവിതക്കള്ളിയുമൊക്കെ. സ്ഥാനമാനങ്ങൾ എന്ന പേരിൽ കിട്ടിക്കൊണ്ടിരിക്കുന്ന/ ഭാവിയിൽ കിട്ടിയേക്കാവുന്ന അപ്പവും അടയും എള്ളുണ്ടയുമൊക്കെ ഇവർക്ക് താത്വികമായ ബോണസുകളാണ് എന്നതിലും തർക്കമില്ല.
Discussion about this post