ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനുള്ള സംസ്ഥാനങ്ങളുടെ നീക്കങ്ങൾക്ക് പിന്തുണയുമായി സുപ്രീംകോടതി. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനായി കമ്മിറ്റി രൂപീകരിക്കാനുള്ള തീരുമാനത്തിനെതിരെ സമർപ്പിച്ച ഹർജി കോടതി തള്ളി. ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾക്കെതിരെ നൽകിയ പൊതുതാത്പര്യ ഹർജിയാണ് കോടതി തള്ളിയത്.
ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പിഎസ് നരസിംഹയ്യ എന്നിവർ അദ്ധ്യക്ഷനായ ബെഞ്ച് മുൻപാകെയായിരുന്നു ഹർജി. കമ്മിറ്റി രൂപീകരിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി അനൂപ് ബരൺവാൾ എന്ന വ്യക്തിയാണ് ഹർജി നൽകിയത്. എന്നാൽ ഹർജി പരിഗണിച്ച കോടതി ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി കമ്മിറ്റി രൂപീകരിക്കാൻ അധികാരമുണ്ടെന്ന് വ്യക്തമാക്കുകയായിരുന്നു.
സംസ്ഥാനങ്ങൾ കമ്മിറ്റി രൂപീകരിച്ചതിൽ തെറ്റില്ല. ഇതിനായി സംസ്ഥാനങ്ങൾക്ക് ഭരണഘടന അനുമതി നൽകുന്നുണ്ട്. ഇതിനെ വെല്ലുവിളിക്കാൻ കഴിയില്ല. ആർട്ടിക്കിൾ 162 സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്ന വകുപ്പാണെന്നും കോടതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം മെയിലായിരുന്നു ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി കമ്മിറ്റി രൂപീകരിക്കാൻ ഉത്തരാഖണ്ഡ് സർക്കാർ തീരുമാനിച്ചത്. വിവിധ മേഖലകളിലെ ആളുകളിൽ നിന്നും കമ്മിറ്റി അഭിപ്രായ ശേഖരണവും നടത്തി. ഒക്ടോബറിലായിരുന്നു ഗുജറാത്ത് സർക്കാർ കമ്മിറ്റി രൂപീകരിച്ചത്. മന്ത്രിസഭയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.
Discussion about this post