കൊൽക്കത്ത: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവാവിനെ കൊൽക്കത്ത പോലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് സ്വദേശിയായ അബ്ദുൾ റാക്കിബ് ഖുറേഷിയെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞയാഴ്ച പശ്ചിമ ബംഗാളിൽ ഐഎസുമായി ചേർന്ന് പ്രവർത്തിക്കുന്ന രണ്ട് പേർ പിടിയിലായിരുന്നു. ഇവർ നൽകിയ സൂചനകൾ അനുസരിച്ചാണ് ഖുറേഷിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പോലീസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. കൊൽക്കത്ത പോലീസിന്റെ മറ്റ് സംഘങ്ങൾ മറ്റ് സംസ്ഥാനങ്ങളിലും പരിശോധന നടത്തുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞയാഴ്ച ഹൗറയിൽ നിന്ന് പിടിയിലായ സയ്യിദ് അഹമ്മദ്, മുഹമ്മദ് സദാം എന്നിവരുടെ കൂട്ടാളിയാണ് ‘കൺട്രോളർ’ എന്നറിയപ്പെടുന്ന ഖുറേഷി. ഖുറേഷിയാണ് ഇവരെ ഐഎസിൽ ചേർത്തതും. ഈ ഭീകരർ വൻ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായും, ആയുധങ്ങൾ ശേഖരിക്കുന്നതായും കൊൽക്കത്ത പോലീസിനു വിവരം ലഭിച്ചിരുന്നു. പാകിസ്താനിലെയും പശ്ചിമേഷ്യയിലെയും ഐഎസ് പ്രവർത്തകരുമായി ഇവർ ബന്ധപ്പെട്ടിരുന്നതായും പോലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കാൻ എൻ ഐ എ സംഘം കൊൽക്കത്തയിലെത്തി.
Discussion about this post