കൊച്ചി: കൊച്ചിയിൽ സ്ത്രീകളുടേയും പെൺകുട്ടികളുടേയും ചിത്രങ്ങൾ പകർത്തി അശ്ലീല വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചത് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി. എറണാകുളം ചുള്ളി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന എം.എ.ബിജുവാണ് നൂറുകണക്കിന് സ്ത്രീകളുടെ ചിത്രങ്ങൾ അശ്ലീല ഗ്രൂപ്പിൽ പങ്കുവച്ചത്. ചിത്രങ്ങൾ പ്രചരിപ്പിച്ചതിന്റെ തെളിവുകളും, പ്രചരിപ്പിച്ചത് താനാണെന്ന് സമ്മതിക്കുകയും ചെയ്യുന്ന ശബ്ദരേഖ പുറത്ത് വന്നു. വിദേശത്ത് ഉള്ളവരടക്കം ഗ്രൂപ്പിൽ അംഗങ്ങളാണെന്നും, ഇതിനായി പ്രത്യേക നമ്പറുകളാണ് ഉപയോഗിക്കുന്നതെന്നും ശബ്ദരേഖയിൽ ബിജു വെളിപ്പെടുത്തുന്നുണ്ട്.
അശ്ലീലഗ്രൂപ്പിൽ യാദൃശ്ചികമായി കയറിക്കൂടിയ നാട്ടുകാരനാണ് ബിജുവിനെ കയ്യോടെ പൊക്കിയത്. ബ്രാഞ്ച് സെക്രട്ടറിയെന്ന നിലയിൽ തന്നെ കാണാൻ എത്തിയവരുടേയത് ഉൾപ്പെടെ നിരവധി സ്ത്രീകളുടെ ചിത്രങ്ങൾ പകർത്തി പ്രചരിപ്പിട്ടുണ്ടെന്ന് ബിജു തുറന്നു പറയുന്ന ഓഡിയോയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
ഗ്രൂപ്പിലെ നിർദ്ദേശപ്രകാരമാണ് ചിത്രങ്ങൾ പങ്കുവയ്ക്കുന്നതെന്നാണ് ഇയാൾ പറയുന്നത്. ഗ്രൂപ്പിലുള്ള മറ്റ് അംഗങ്ങളെ അറിയില്ല. ചിത്രങ്ങളിൽ സ്ത്രീകളുടെ മുഖം മറയ്ക്കുന്നുണ്ടെന്നും ഇയാൾ ന്യായീകരിക്കുന്നു. അതേസമയം പാർട്ടി സ്ഥാനങ്ങളിൽ നിന്ന് ഇയാളെ നീക്കി. പോലീസിൽ പരാതി ലഭിച്ചതിന് പിന്നാലെയാണ് സ്ഥാനത്ത് നിന്ന് നീക്കി തലയൂരാൻ പാർട്ടിയുടെ ശ്രമം.
Discussion about this post