പാലക്കാട്: കുഴൽമന്ദത്ത് കെഎസ്ആർടിസി ബസിടിച്ച് രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ ഡ്രൈവറെ പിരിച്ചുവിട്ടു. വടക്കഞ്ചേരി ഡിപ്പോയിലെ ഡ്രൈവർ സി.എൽ.ഔസേപ്പിനെയാണ് പിരിച്ചുവിട്ടത്. ഡ്രൈവറുടെ ഭാഗത്ത് വീഴ്ച്ചയുണ്ടായതായി കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. അപകടത്തിന്റെ ദൃശ്യങ്ങൾ സഹിതം പുറത്ത് വന്നിരുന്നു.
2022 ഫെബ്രുവരി ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. വടക്കഞ്ചേരിയിലേക്ക് വരികയായിരുന്ന ബസ് ഇടിച്ചാണ് ബൈക്ക് യാത്രക്കാർ മരിച്ചത്. റോഡിന്റെ ഇടത് വശത്ത് ബസിന് പോകാൻ ഇടം ഉണ്ടായിട്ടും ഡ്രൈവർ മനപൂർവ്വം വലത്തേക്ക് വെട്ടിക്കുകയായിരുന്നുവെന്ന് ദൃശ്യത്തിൽ വ്യക്തമാണ്. തൊട്ടുപിന്നാലെ വന്ന വാഹനത്തിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്.
അപകടത്തിന് പിന്നാലെ ഔസേപ്പിനെ സസ്‌പെൻഡ് ചെയ്തിരുന്നു. മനപൂർവം അപകടമുണ്ടാക്കിയെന്ന ക്രൈംബ്രാഞ്ച് കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസിയും വിശദമായ അന്വേഷണം നടത്തി. ഡ്രൈവർ ജാഗ്രത പുലർത്തിയിരുന്നുവെങ്കിൽ യുവാക്കളുടെ ജീവൻ നഷ്ടമാകില്ലായിരുന്നുവെന്നാണ് കണ്ടെത്തൽ. കൃത്യവിലോപം കെഎസ്ആർടിസിക്ക് അവമതിപ്പുണ്ടാക്കി. ഔസേപ്പ് ഡ്രൈവറായി തുടര്‍ന്നാല്‍ കൂടുതല്‍ ജീവനുകള്‍ നഷ്ടമാകുമെന്നും പിരിച്ചുവിടല്‍ ഉത്തരവിലുണ്ട്. ഇയാൾ നേരത്തേയും അപകടകരമായ രീതിയിൽ വാഹനമോടിച്ചതായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
Discussion about this post