വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ നിന്ന് ഇല്ലാതായ ദിനോസറുകളോട് സാമ്യമുള്ള വിചിത്ര മത്സ്യത്തിന്റെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. ലിവിംഗ് ദിനോസർ എന്ന് പേരുള്ള മത്സ്യത്തിന്റെ അവശിഷ്ടങ്ങളാണ് കരയ്ക്കടിഞ്ഞത്. അലബാമയിലെ ഒരു തീരത്താണ് ഇത് അടിഞ്ഞതെന്ന് യുഎസിലെ ഫിഷ് ആന്റ് വൈൽഡ് സർവീസ് അറിയിച്ചു.
ഒൻപതടി നീളവും 180 കിലോ ഭാരവുമുള്ള മത്സ്യത്തിന് ദിനോസറുകളുമായി വളരെയധികം സാമ്യമുണ്ട്. ഗൾഫ് സ്റ്റർജിയൺ എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്. പ്രിഹിസ്റ്റോറിക് ഫിഷ് എന്നും ഇവയെ വിളിക്കുന്നു.
ശനിയാഴ്ച നടക്കാൻ ഇറങ്ങിയപ്പോഴാണ് ടമി മെയ് എന്നയാൾ എന്തോ കരയ്ക്കടിഞ്ഞ് കിടക്കുന്നത് കണ്ടത്. അടുത്ത് ചെന്ന് നോക്കിയപ്പോൾ ഞെട്ടിപ്പോയി. ദിനോസറുകളുടേത് എന്ന് തോന്നിക്കുന്ന ശരീരപ്രകൃതമായിരുന്നു ആ മത്സ്യത്തിന്. തുടർന്ന് അധികൃതരെ വിവരം അറിയിച്ചു. ഗവേഷകരെത്തി നടത്തിയ പരിശോധനയിലാണ് ഇത് ഗൾഫ് സ്റ്റർജനാണെന്ന് വ്യക്തമായത്.
വളരെ അപൂർവമായി മാത്രമേ ഇത്തരം ജീവികളെ കാണാൻ സാധിക്കൂ. ഈ ജീവിയെ സംബന്ധിച്ച് കൂടുതൽ പഠനം നടത്താൻ ശരീരാവശിഷ്ടങ്ങൾ സതേൺ മിസിസിപ്പി സർവ്വകലാശാലയ്ക്ക് കൈമാറാനാണ് തീരുമാനം.
മിസിസിപ്പി നദിക്കും ഫ്ലോറിഡയിലെ ടാംപ ബേയ്ക്കുമിടയിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. ശുദ്ധ ജലത്തിൽ ജനിക്കുന്ന ലിവിംഗ് ദിനോസറുകൾ പിന്നീട് കടലിലേക്ക് ചേക്കേറുന്നു. തുടർന്ന് മുട്ടയിടാൻ വേണ്ടിയാണ് ഇവ വീണ്ടും ശുദ്ധ ജലത്തിലേക്ക് തിരികെ എത്തുക.











Discussion about this post