ശബരിമല: ശബരിമലയിൽ മകരവിളക്കിന് അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണം വഹിച്ചുള്ള ഘോഷയാത്ര ഇന്ന് പുറപ്പെടും. ഉച്ചയ്ക്ക് ഒരു മണിയോടെ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്നാണ് ഘോഷയാത്ര പുറപ്പെടുന്നത്. ഇന്ന് രാവിലെ ശ്രാമ്പിക്കൽ കൊട്ടാരത്തിൽ നിന്നും തിരുവാഭരണം വലിയകോയിക്കൽ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചിരുന്നു.
പന്തളം കൊട്ടാരത്തിന്റേയും ദേവസ്വം ബോർഡിന്റേയും ക്ഷേത്ര ഉപദേശക സമിതിയുടേയും നേതൃത്വത്തിലാണ് തിരുവാഭരണ ഘോഷയാത്രയ്ക്കുള്ള ക്രമീകരണങ്ങൾ നടക്കുന്നത്. വലിയ കോയിക്കൽ ക്ഷേത്രത്തിൽ നടക്കുന്ന പ്രത്യേക പൂജകൾക്ക് ശേഷം പതിനൊന്നര വരെ ഭക്തർക്ക് തിരുവാഭരണ ദർശനത്തിനുള്ള അവസരമുണ്ട്. 12ന് ഉച്ചപൂജയ്ക്കായി നട അടക്കും. തുടർന്ന് തിരുവാഭരണ പേടകം അടച്ച് മേൽശാന്തി നീരാജനമുഴിയും. പന്തളം കൊട്ടാരം കുടുംബാംഗങ്ങൾ പേടകം പ്രദക്ഷിണമായെടുത്ത് കിഴക്കേ നടയിലെത്തിച്ച് ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ ശിരസ്സിലേറ്റും. മരുതമന ശിവൻപിള്ള പൂജാപാത്രങ്ങളടങ്ങുന്ന പെട്ടിയും, കിഴക്കേതോട്ടത്തിൽ പ്രതാപചന്ദ്രൻ നായർ കൊടിപ്പെട്ടിയും ശിരസ്സിലേറ്റി തിരുവാഭരണ ഘോഷയാത്ര പുറപ്പെടും.
ഇരുത്തിയഞ്ച് പേരാണ് തിരുവാഭരണ പേടകവാഹക സംഘത്തിലുള്ളത്. പരമ്പരാഗത പാതയിലൂടെ സഞ്ചരിക്കുന്ന ഘോഷയാത്ര ആദ്യ ദിനം അയിരൂർ പുതിയകാവ് ക്ഷേത്രത്തിലും രണ്ടാം ദിനം ളാഹ സത്രത്തിലും തങ്ങും. പന്തളം ഊട്ടുപുര കൊട്ടാരത്തിലെ രാജരാജ വർമ്മയാണ് ഘോഷയാത്രയെ അനുഗമിക്കുന്ന രാജപ്രതിനിധി. ശനിയാഴ്ച പുലർച്ചെ ഘോഷയാത്ര പ്ലാപ്പള്ളി, നിലയ്ക്കൽ ഗോപുരം, വലിയാനവട്ടം, നീലിമല വഴി വൈകിട്ട് 5.30ന് ശരംകുത്തിയിലെത്തും. തുടർന്ന് സന്നിധാനത്ത് സ്വീകരണം. വൈകിട്ട് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന. ഈ സമയമാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയുന്നത്. 40 അംഗ സായുധസേനയാണ് ഘോഷയാത്രയ്ക്ക് സുരക്ഷയൊരുക്കുന്നത്. അസിസ്റ്റന്റ് കമാൻഡന്റ് എം.സി.ചന്ദ്രശേഖരൻ സേനയെ നയിക്കും.
Discussion about this post