തിരുവനന്തപുരം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ കടന്നുകൂടി സ്വർണവും സ്ഥലവും കൈക്കലാക്കിയ സിപിഎം കൗൺസിലർക്കെതിരെ കേസ്. നെയ്യാറ്റിൻകര നഗരസഭയിലെ തവരവിള വാർഡ് സിപിഎം കൗൺസിലർ സുജിനും ഭാര്യ ഗീതുവിനുമെതിരെയാണ് പോലീസ് കേസെടുത്തത്. പന്ത്രണ്ടര സെന്റ് ഭൂമിയും 17 പവൻ സ്വർണവും രണ്ട് ലക്ഷം രൂപയുമാണ് ഇവർ തട്ടിയെടുത്തത്. 78 കാരിയായ ബേബി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അച്ഛനമ്മമാരും സഹോദരങ്ങളും മരിച്ചതോടെയാണ് ബേബി ഒറ്റയ്ക്കായത്. ഇത് മനസിലാക്കിയ സുജിൻ ഭാര്യയ്ക്കും കുട്ടിക്കും ഭാര്യയുടെ അച്ഛനമ്മമാർക്കുമൊപ്പം മാരായമുട്ടം പോലീസ് പരിധിയിലുള്ള ബേബിയുടെ വീട്ടിലേക്ക് താമസം മാറുകയായിരുന്നു. ആദ്യം അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമെല്ലാം സുജിന്റെ ഭാര്യ ഗീതു എടുത്ത് ഉപയോഗിക്കുമായിരുന്നു. പിന്നീട് ഇതെല്ലാം കൊണ്ടുപോയി പണയം വെച്ചു. നെയ്യാറ്റിന്‍കര സബ് രജിസ്ട്രാര്‍ ഓഫീസില്‍ ബേബിയെ എത്തിച്ച് തന്ത്രപരമായി പന്ത്രണ്ടര സെന്‍റ് ഭൂമി ഭാര്യ ഗീതുവിന്‍റെ പേരിലേക്ക് സുജിന്‍ എഴുതി മാറ്റി. ഇത് കൂടാതെ പല തവണകളായി രണ്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്നും ആരോപണമുണ്ട്.
എട്ട് മാസത്തിന് ശേഷം പെട്ടെന്നൊരു ദിവസം ആശുപത്രിയിലേക്ക് പോകുകയാണെന്ന് പറഞ്ഞ് എല്ലാവരും വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. ഇതിന് ശേഷം സുജിനോട് പണം തിരികെ ചോദിച്ചെങ്കിലും നൽകിയില്ല. തുടർന്ന് . ബേബി നെയ്യാറ്റിന്‍കര നഗരസഭാ ചെയര്‍മാനെ കണ്ട് പരാതി കൊടുത്തു. തട്ടിയെടുത്ത സ്വർണമോ സ്ഥലമോ തിരികെ കൊടുക്കാൻ തയ്യാറാവാഞ്ഞതോടെയാണ് ബേബി പോലീസിനെ സമീപിച്ചത്. എന്നാൽ താൻ ഒന്നും എടുത്തിട്ടില്ലെന്നാണ് സുജിൻ പറയുന്നത്.
Discussion about this post