ലണ്ടൻ: വിദ്യാർത്ഥിനികൾക്കിടയിലെ പ്രണയബന്ധങ്ങൾക്ക് തടയിടാൻ വിചിത്ര ഉത്തരവുമായി സ്‌കൂൾ. സ്‌കൂൾ പരിസരത്തും ക്ലാസ് മുറിയിലും ആലിംഗനവും ഹസ്തദാനവുമാണ് നിരോധിച്ചത്. യുകെയിലെ ചെംസ്‌ഫോർഡിലെ ഹൈലാൻഡ് സ്‌കൂളാണ് വിചിത്ര ഉത്തരവിന് പിന്നിൽ.
വിദ്യാർത്ഥികളെ സുരക്ഷിതരാക്കുകയാണ് ലക്ഷ്യമെന്നും അവർക്കിടയിൽ നിലനിൽക്കുന്ന എല്ലാതരം ശാരീരിക ബന്ധവും വിലക്കാൻ പോവുകയാണെന്നും കാണിച്ച് സ്‌കൂൾ അധികൃതർ രക്ഷിതാക്കൾക്ക് നൽകിയ കത്തിൽ പറയുന്നു.
സ്‌കൂളിൽ മൊബൈൽ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. കുട്ടികളുടെ കൈവശം മൊബൈൽ കണ്ടെത്തിയാൽ അത് വാങ്ങിവയ്ക്കുമെന്നും കത്തിൽ പറയുന്നു.
ആലിംഗനം ചെയ്യുക, കൈകോർക്കുക, തുടങ്ങിയവ ശാരീരിക ബന്ധത്തിന്റെ നിരോധിത രൂപങ്ങളാണെന്ന് സ്‌കൂൾ വാദിക്കുന്നു. നിങ്ങളുടെ കുട്ടിയെ അവരുടെ സമ്മതത്തോടെയയോ അല്ലാതെയോ ആരെങ്കിലും സ്പർശിച്ചാൽ എന്ത് വേണമെങ്കിലും സംഭവിക്കാം. അത് ഒരു പരിക്കിലേക്ക് നയിച്ചേക്കാം. ഇത്തരം നിയന്ത്രണങ്ങളിലൂടെ നിങ്ങളുടെ കുട്ടികൾ യഥാർത്ഥത്തിലുള്ള നല്ല സൗഹൃദങ്ങൾ ഉണ്ടാക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നാണ് കത്തിൽ പറയുന്നത്.
സ്‌കൂളിന്റെ ഈ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ആരോഗ്യകരമായ ബന്ധങ്ങൾ ഉണ്ടാക്കുന്നതിനെ പറ്റി കുട്ടികൾക്ക് ആത്മവിശ്വാസം പകരുന്നതിന് പകരം, സ്‌കൂൾ പിന്തിരിപ്പൻ മനോഭാവമാണ് വച്ചു പുലർത്തുന്നതെന്നാണ് പല രക്ഷിതാക്കളും അഭിപ്രായപ്പെടുന്നത്.











Discussion about this post