മുംബൈ: പിതാവിന്റെ കഴുത്തിൽ കത്തി വച്ച് ഒന്നരക്കോടി തട്ടിയെടുത്ത 24കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ ബാന്ദ്രയിലാണ് സംഭവം. രാഹുൽ ദോന്ദ്കർ എന്ന യുവാവാണ് അറസ്റ്റിലായത്. രാഹുലിന്റെ പിതാവ് മാരുതി ദോന്ദ്കറിന്റെ പരാതിയിലാണ് അറസ്റ്റ്. ചെറുപ്പം മുതൽ രാഹുൽ പ്രശ്‌നക്കാരനായിരുന്നുവെന്ന് പിതാവ് നൽകിയ പരാതിയിൽ പറയുന്നു.
മികച്ച സാമ്പത്തിക ചുറ്റുപാടുള്ള കുടുംബമാണ് ഇവരുടേത്. ബിസിനസ് കുടുംബത്തിലെ അംഗമാണ് മാരുതി ദോന്ദ്കർ. ഇയാളുടെ ഏകമകനാണ് അറസ്റ്റിലായ രാഹുൽ. രാഹുലും പിതാവിനെ പോലെ ബിസിനസിൽ ഇറങ്ങിയെങ്കിലും നഷ്ടത്തിലാണ് കലാശിച്ചത്. ഓരോ തവണ ബിസിനസിൽ നഷ്ടം വരുമ്പോഴും ഇയാൾ വീട്ടിലെത്തി മാതാപിതാക്കളെ ഭീഷണിപ്പെടുത്തി കാശ് മേടിക്കും. ഇത് തീരുമ്പോൾ വീണ്ടും വീട്ടിലെത്തി പണം മേടിക്കും. ഇതായിരുന്നു പതിവ് സ്ഥിതി.
ഇക്കുറിയും രാഹുൽ മാതാപിതാക്കളോട് കാശ് ആവശ്യപ്പെട്ടെങ്കിലും നൽകാൻ തയ്യാറായില്ല. തുടർന്ന് ഇയാൾ കത്തി കാണിച്ച് ഭീഷണിപ്പെടുത്താൻ ശ്രമിച്ചു. എന്നിട്ടും വഴങ്ങാതായതോടെയാണ് പിതാവിന്റെ കഴുത്തിൽ കത്തി വച്ചത്. ഒരു കോടി രൂപ അക്കൗണ്ടിലേക്ക് മാറ്റണമെന്നായിരുന്നു ആവശ്യം. പിതാവ് ഇതിനും സമ്മതിക്കാതെ വന്നതോടെ കത്തി ഉപയോഗിച്ച് കഴുത്തിൽ വരയുകയായിരുന്നു. ഇതോടെ പണം കൈമാറാൻ പിതാവ് തയ്യാറായി.
അമ്മയുടെ കൈവശമുള്ള 16 വളകളും ഇയാൾ ഭീഷണിപ്പെടുത്തി വാങ്ങി. വീട്ടിലെ ഗണപതി വിഗ്രഹത്തിലുണ്ടായിരുന്ന സ്വർണ്ണ കിരീടമടക്കം വിലപിടിപ്പുള്ള എല്ലാ സാധനങ്ങളും
എടുത്ത് രാഹുൽ സ്ഥലം വിട്ടു. സാധാരണ പിതാവ് പോലീസിനെ വിവരങ്ങൾ അറിയിക്കാറുണ്ടായിരുന്നില്ല. ഇത്തവണയും അങ്ങനെ തന്നെ ആയിരിക്കുമെന്നായിരുന്നു രാഹുലിന്റെ പ്രതീക്ഷ.
എന്നാൽ സംഭവത്തിന് പിന്നാലെ പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു. ഒരു മണിക്കൂറിനുള്ളിൽ തന്നെ രാഹുലിനെ അറസ്റ്റ് ചെയ്തു. വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
Discussion about this post