ഇസ്ലമാബാദ്: സാമ്പത്തികമാദ്ധ്യത്തിലേക്ക് കൂപ്പുകുത്തി പാകിസ്താൻ. രാജ്യത്തെ സാമൂഹികസ്ഥിതിയും സാമ്പത്തികസ്ഥിതിയും പരിതാപകരമായതോടെ മറ്റ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിനുള്ള മാർഗങ്ങൾ അന്വേഷിക്കുകയാണ് ജനങ്ങൾ. സവാളയ്ക്കും ഗോതമ്പനും തീപിടിച്ച വില ആയതോടെ പരസ്പരം പോരടിക്കുകയാണ് ജനങ്ങൾ. പലയിടത്തും കൈയ്യാങ്കളി അക്രമത്തിലേക്ക് വഴി മാറിയതായാണ് റിപ്പോർട്ടുകൾ. പൊന്ന് കൊടുത്താലും ഒരു ചാക്കരി കിട്ടാനില്ലാത്ത അവസ്ഥയാണ് പാകിസ്താനിലേതെന്നാണ് അന്താരാഷ്ട്രമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മറ്റൊരു ശ്രീലങ്കയാവാൻ പാകിസ്താന് അധികസമയം വേണ്ടി വരില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
മണ്ടൻ ഭരണപരിഷ്‌കാരങ്ങൾക്ക് പുറമേ, രാജ്യത്തിലെ രാഷ്ട്രീയ പരിതസ്ഥിതിയും, പ്രളയവും ജനജീവിതത്തെ സാരമായി തന്നെ ബാധിച്ചു. 1700 പേരുടെ ജീവനെടുക്കുകയും 80 ദശലക്ഷം പേരെ പാർപ്പിടമില്ലാതാക്കുകയും ചെയ്ത പ്രളയത്തിന്റെ അലയൊലികൾ ഇനിയും മാഞ്ഞിട്ടില്ല. ദശലക്ഷക്കണക്കിന് ആളുകൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്. പ്രളയം കാര്യമായി ഏൽക്കാത്തവരാകട്ടെ തൊഴിൽ നഷ്ടപ്പെട്ടും കൃഷി നശിച്ചും ദുരിത്തിലായി. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും തമ്മിലുള്ള പ്രശ്‌നങ്ങളും പരസ്പരമുള്ള ചെളിവാരിയെറിയലും ഇനിയും അവസാനിച്ചിട്ടില്ലാത്തതിനാൽ തന്നെ സർക്കാറിന്റെ വാതിലുകൾ മുട്ടിയിട്ട് കാര്യമില്ലെന്ന് ജനങ്ങൾ മനസിലാക്കി.
കഴിഞ്ഞ ഏതാനും ആഴ്ചകൾ കൊണ്ടുമാത്രം പാകിസ്താന്റെ വിദേശ കരുതൽശേഖരം ആറ് ബില്യൺ ഡോളറിലേക്ക് ഇടിഞ്ഞു. നിലവിൽ രാജ്യത്തിനിപ്പോൾ മൂന്നാഴ്ചത്തേക്കുളള ഇറക്കുമതിയ്ക്ക് ആവശ്യമുള്ള പണമേ കരുതൽശേഖരത്തിലുള്ളൂ. മൂന്ന് മാസത്തിനുള്ളിൽ എട്ട് ബില്യൺ ഡോളറാണ് രാജ്യം കൊടുത്തു തീർക്കേണ്ട കടം. നാൽപതിലേറെ രാജ്യങ്ങളിൽ നിന്നായി ഒൻപത് ബില്യൺ ഡോളറാണ് പാകിസ്താന് സഹായധനമായി ലഭിച്ചത്. സൗദി അറേബ്യ ഒരു ബില്യൺ ഡോളറും, അമേരിക്ക 100 മില്യൺ ഡോളറും ജർമ്മനി 88 മില്യൺ ഡോളറും ലോകബാങ്ക് രണ്ട് ബില്യൺ ഡോളറുമാണ് സഹായം നൽകിയവയിൽ ചിലത്. എന്നാൽ ഇതൊന്നും പാകിസ്താന് വെള്ളത്തിൽ വരച്ച വര പോലെയായി.
സാമ്പത്തികമാന്ദ്യത്തിന് പുറമെ രാജ്യത്ത് ഭീകരാക്രമണങ്ങൾ വർദ്ധിച്ചതും പാക് താലിബാൻ രാജ്യത്ത് കൂടുതൽ അരക്ഷിതാവസ്ഥ അഴിച്ചുവിട്ടതും കാര്യങ്ങൾ കൂടുതൽ അവതാളത്തിലാക്കി. ഇനിയും രാജ്യത്തിന്റെ പ്രശ്‌നങ്ങൾ മനസിലാക്കി പ്രവർത്തിച്ചില്ലെങ്കിൽ ശ്രീലങ്കയ്ക്ക് പുറമെ പാകിസ്താനും തകർന്ന് തരിപ്പണമാകും.
Discussion about this post