ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരിയിലുണ്ടായ ഇരട്ട ഭീകരാക്രമണത്തിന്റെ അന്വേഷണം എൻഐഎയ്ക്ക് വിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വാർത്താ സമ്മേളനത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്. രജൗരിയിൽ ഉണ്ടായ ഇരട്ട ഭീകരാക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ ആറ് പേർക്കാണ് ജീവൻ നഷ്ടമായത്.
ജമ്മു കശ്മീർ സന്ദർശനത്തിനായി എത്തിയ അമിത് ഷാ ഉന്നതതല യോഗം ചേർന്ന് സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുൾപ്പെടെ പങ്കെടുത്ത യോഗത്തിലായിരുന്നു കേസ് അന്വേഷണം എൻഐഎയ്ക്ക് കൈമാറാൻ തീരുമാനമായത്. ഭീകരാക്രമണത്തിന് പിന്നാലെ എൻഐഎ സംഘം രജൗരിയിൽ എത്തി സ്ഥലങ്ങൾ സന്ദർശിച്ച് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചിരുന്നു. കശ്മീർ സന്ദർശനത്തിനിടെ രജൗരിയിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ സന്ദർശിക്കുമെന്ന് അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിന് കഴിഞ്ഞില്ല. തുടർന്ന് ഫോണിലൂടെ കുടുംബങ്ങളുമായി അദ്ദേഹം സംസാരിച്ചു.
രജൗരിയിലുണ്ടായ രണ്ട് ഭീകരാക്രമണങ്ങളുടെയും അന്വേഷണം എൻഐഎയ്ക്ക് വിട്ടതായി ഉന്നതതലയോഗത്തിന് ശേഷം ചേർന്ന വാർത്താ സമ്മേളനത്തിൽ അമിത് ഷാ അറിയിച്ചു. ഇതിന് പുറമേ കഴിഞ്ഞ ഒന്നര വർഷത്തിനിടെ ജമ്മു കശ്മീരിൽ സമാനരീതിയിലുണ്ടായ ആക്രമണങ്ങളിലും അന്വേഷണം നടത്തും. ജമ്മു കശ്മീരിന്റെ സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചേർന്ന് വിലയിരുത്തി. ജമ്മു കശ്മീർ ജനതയുടെ സുരക്ഷയ്ക്കായി 360 സെക്യൂരിറ്റി സൈക്കിൾ രൂപീകരിക്കേണ്ടകാര്യവും ചർച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രജൗരിയിൽ ജീവൻ ത്യജിച്ചവരുടെ കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്താൻ കഴിഞ്ഞില്ല. കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ അവിടേയ്ക്കുള്ള യാത്ര പ്രയാസകരമാണ്. എന്നാൽ കുടുംബാംഗങ്ങളുമായി ഫോണിൽ സംസാരിച്ചു. നീതി ഉറപ്പാക്കുമെന്ന് വാക്കു കൊടുത്തിട്ടുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി.
Discussion about this post