ശബരിമല: മകരവിളക്കിന് ശബരിമല ഒരുങ്ങി. മകരവിളക്ക് ദർശനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സന്നിധാനത്തും പരിസരത്തും വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. പത്തിലധികം കേന്ദ്രങ്ങളിൽ ഭക്തർക്ക് മകരവിളക്ക് ദർശനത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. വൈകിട്ട് അയപ്പസ്വാമിക്ക് ചാർത്താനുള്ള തിരുവാഭരണവുമായി ഘോഷയാത്ര ഇന്ന് വൈകിട്ട് 6.20ന് സന്നിധാനത്തെത്തും. തന്ത്രി കണ്ഠര് രാജീവര്, മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി എന്നിവർ ചേർന്ന് ശ്രീകോവിലിലേക്ക് ഏറ്റുവാങ്ങും.
അയപ്പവിഗ്രഹത്തിൽ തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്ക്ക് ശേഷം 6.30നും 6.50നും ഇടയിൽ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും. രാവിലെ 8.45നാണ് മകരസംക്രമ മുഹൂർത്തം. അയ്യപ്പവിഗ്രഹത്തിൽ നിന്ന് തിരുവാഭരണങ്ങൾ മാറ്റിയ ശേഷം കവടിയാർ കൊട്ടാരത്തിൽ നിന്ന് കൊടുത്തുവിട്ട അയ്യപ്പമുദ്രയിലെ നെയ്യ് സംക്രമവേളയിൽ അഭിഷേകം ചെയ്യും. അത്താഴപൂജയ്ക്ക് ശേഷം മാളികപ്പുറത്ത് നിന്ന് എഴുന്നള്ളത്ത് ആരംഭിക്കും.
മകരവിളക്ക് പ്രമാണിച്ച് വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസിന്റെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നത്. 19ാം തിയതി വരെയാണ് തീർത്ഥാടകർക്ക് ദർശനത്തിന് അവസരമുള്ളത്. തീർത്ഥാടനത്തിന് സമാപനം കുറിച്ച് 20ന് രാവിലെ 6.30ന് നട അടയ്ക്കും.
Discussion about this post