ഇടുക്കി: വരയാടിന്റെ കൊമ്പിൽ പിടിച്ചുവലിച്ച് ഫോട്ടോഷൂട്ട് നടത്തിയ മലയാളി വൈദികനെയും കൂട്ടാളിയെയും തമിഴ്നാട് വനംവകുപ്പ് കേരളത്തിൽ വന്ന് പിടികൂടി. ഇടുക്കി രാജാക്കാട് എൻ ആർ സിറ്റി സെന്റ് മേരീസ് പള്ളി വികാരി ഫാദർ ഷെൽട്ടനും സുഹൃത്ത് ജോബിനുമാണ് അറസ്റ്റിലായത്. വരയാടിനെ ഉപദ്രവിച്ചതിനാണ് ഇരുവർക്കുമെതിരെ കേസെടുത്തത്.
ജനുവരി 5നായിരുന്നു കേസിനാസ്പദമായ സംഭവം. വാൽപ്പാറയിലേക്ക് നടത്തിയ വിനോദയാത്രയ്ക്കിടെ വൈദികനും കൂട്ടാളിയും വഴിയിൽ കണ്ട വരയാടിന്റെ കൊമ്പിൽ പിടിച്ച് ഫോട്ടോ എടുക്കുകയായിരുന്നു. ഇവർ ഫോട്ടോ എടുക്കുന്നത് കണ്ട മറ്റൊരു സഞ്ചാരി ഇതിന്റെ ചിത്രം മൊബൈൽ ക്യാമറയിൽ പകർത്തിയിരുന്നു. ഈ ചിത്രം തമിഴ്നാട്ടിലെ ഒരു പത്രത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. തുടർന്ന് ചിത്രം സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലാകുകയും ചെയ്തിരുന്നു.
വാർത്ത ശ്രദ്ധയിൽപ്പെട്ട തമിഴ്നാട് സർക്കാർ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ വനംവകുപ്പിനോട് ആവശ്യപ്പെട്ടു. തുടർന്ന് വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ സംഘം ഇടുക്കി രാജാക്കാട് എത്തി പോലീസിനോട് വിവരങ്ങൾ വിശദീകരിച്ചു. രാജാക്കാട് പോലീസിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്ത ഫാദർ ഷെൽട്ടനെയും ജോബിനെയും കോയമ്പത്തൂർ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി പൊള്ളാച്ചി ജയിലിൽ റിമാൻഡ് ചെയ്തു.
തമിഴ്നാടിന്റെ സംസ്ഥാന മൃഗമായ വരയാട് ഷെഡ്യൂൾ ഒന്ന് വിഭാഗത്തിൽ പെടുന്ന സംരക്ഷിത വന്യമൃഗമാണ്.
Discussion about this post