ന്യൂഡൽഹി/ വിശാഖപട്ടണം: സെക്കന്ദാരാബാദ്- വിശാഖപട്ടണം വന്ദേഭാരത് ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെ വെർച്ച്വലായായിരുന്നു പ്രധാനമന്ത്രി ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്തത്. തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമുള്ള ജനങ്ങൾക്കായുള്ള സമ്മാനമാണ് വന്ദേഭാരത് എക്‌സ്പ്രസെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സെക്കന്ദാരാബാദിനെയും വിശാഖപട്ടണത്തെയും ബന്ധിപ്പിക്കുന്ന ട്രെയിൻ സർവ്വീസ് കൂട്ടിയോജിപ്പിക്കുന്നത് രണ്ട് സംസ്‌കാരങ്ങളെകൂടിയാണ്. ട്രെയിൻ ഇരു സ്ഥലങ്ങളിലേക്കുമുള്ള യാത്രാ സമയം കുറയ്ക്കും. ഇത് ടൂറിസം മേഖലയ്ക്ക് വലിയ ഉണർവുണ്ടാക്കും. പുതിയ ഇന്ത്യയുടെ വീക്ഷണങ്ങളുടെ മുഖമുദ്രയാണ് വന്ദേഭാരത് എക്‌സ്പ്രസ്. രാജ്യം വികസനത്തിന്റെ പാതയിൽ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
എല്ലാ കാര്യത്തിലും രാജ്യത്തെ ജനങ്ങൾക്ക് വേണ്ടത് ഏറ്റവും മികച്ചതാണ്. അതിനുള്ള ഉദാഹരണമാണ് വന്ദേഭാരത് എക്‌സ്പ്രസ്. ഇരു സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന ട്രെയിൻ 700 കിലോ മീറ്റർ ദൂരമാണ് സഞ്ചരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ എട്ടാമത്തെ വന്ദേഭാരത് എക്‌സ്പ്രസാണ് വിശാഖപട്ടണം-സെക്കന്ദരാബാദ്. അടുത്ത ദിവസം മുതൽ ട്രെയിൻ സാധാരണ സർവ്വീസ് ആരംഭിക്കും. 700 കിലോ മീറ്റർ ദൂരം താണ്ടാൻ വെറും 8 മണിക്കൂർ സമയം മാത്രമാണ് ട്രെയിനിന് ആവശ്യമുള്ളത്. ആന്ധ്രാപ്രദേശിൽ വിശാഖപട്ടണം, വിജയവാഡ, രാജമുന്ദ്രി എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്. തെലങ്കാനയിൽ ഖമ്മം, വരംഗൽ, സെക്കന്ദരാബാദ് എന്നിവിടങ്ങളിലും സ്‌റ്റോപ്പുണ്ട്.
Discussion about this post