ഹൈദരാബാദ്: മകരസംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി നടന്ന കോഴിപ്പോരിനിടെ പരിക്കേറ്റ രണ്ട് പേർ മരിച്ചു. ഗോദാവരി മേഖലയിലെ ഏലൂർ, കാക്കിനഡ എന്നിവിടങ്ങളിലാണ് ഓരോരുത്തർ വീതം മരണപ്പെട്ടത്.
ആനന്ദപ്പള്ളി സ്വദേശിയായ പദ്മ റാവു (22), വേളാങ്ക സ്വദേശി സുരേഷ് (45) എന്നിവരാണ് മരിച്ചത്. നിരോധനം ലംഘിച്ച് കോഴിപ്പോര് നടത്തിയതിനിടയിലാണ് അപകടം സംഭവിച്ചത്.
പോരുകോഴികളുടെ കാലിൽ കെട്ടിവെച്ച കത്തി കൊണ്ടാണ് മരണങ്ങൾ സംഭവിച്ചത്. കോഴിയുടെ കാലിൽ കത്തി കെട്ടിവെക്കുന്നതിനിടെ, തുടയിലേറ്റ ആഴത്തിലുള്ള മുറിവിൽ നിന്നും ചോര വാർന്നാണ് പദ്മ റാവു മരിച്ചത്. കോഴിപ്പോര് കാണാനെത്തിയ സുരേഷിന്റെ ദേഹത്തേക്ക് കോഴി പറന്നു കയറുന്നതിനിടെയാണ് പരിക്കേറ്റത്. ഇയാൾ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
സംഭവങ്ങളിൽ ആന്ധ്രാ പ്രദേശ് സർക്കാരിനെതിരെ വിമർശനം ശക്തമാണ്. സംസ്ഥാനത്ത് നിരോധിക്കപ്പെട്ട ചൂതാട്ടത്തിന്റെയും കോഴിപ്പോരിന്റെയും പേരിൽ മരണങ്ങൾ സംഭവിക്കുന്നുവെങ്കിൽ അതിന് സർക്കാരാണ് ഉത്തരവാദി എന്നാണ് ബിജെപിയുടെ വിമർശനം.
Discussion about this post