ലക്‌നൗ: ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയെ അപകീർത്തിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവിനെതിരെ കേസ്. ഉത്തർപ്രദേശ് കോൺഗ്രസ് മീഡിയ കൺവീനർ ലാലൻകുമാറിനെതിരെയാണ് കേസ് എടുത്തത്. ബിജെപി നേതാവ് ശൈലേന്ദ്ര ശർമ്മയുടെ പരാതിയിലാണ് നടപടി.
പ്രസംഗം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചാണ് ലാലൻകുമാർ ജെപി നദ്ദയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചത്. ജനുവരി 12ന് ത്രിപുരയിൽ അദ്ദേഹം നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ആണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചത്. പ്രസംഗത്തിനിടെ ബിജെപി സർക്കാർ എന്നാൽ പീഡനം എന്ന പരാമർശം എഡിറ്റ് ചെയ്ത് ചേർക്കുകയായിരുന്നു. പിന്നീട് സ്വന്തം അക്കൗണ്ടിൽ നിന്നുതന്നെ ഇത് പ്രചരിപ്പിച്ചു.
ജനുവരി 13 നായിരുന്നു മൂന്ന് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ലാലൻകുമാർ ട്വിറ്ററിൽ പങ്കുവച്ചത്. ഇത് മറ്റ് കോൺഗ്രസ് നേതാക്കളും സമൂഹമാദ്ധ്യമത്തിൽ പ്രചരിപ്പിച്ചു . ഇത് ശ്രദ്ധയിൽപ്പെട്ടതോടെയായിരുന്നു ബിജെപി പരാതി നൽകിയത്. സംഭവത്തിൽ ലാലൻകുമാറിന്റെ അറസ്റ്റ് ഉൾപ്പെടെ ഉടൻ ഉണ്ടാകും എന്നാണ് വിവരം.
വിവേകാനന്ദ ജയന്തി ദിന ആഘോഷങ്ങളുടെ ഭാഗമായായിരുന്നു നദ്ദ ത്രിപുരയിൽ എത്തിയത്. ബിജെപിയുടെ ഭരണകാലയളവിൽ രാജ്യത്തുണ്ടായ വികസന പ്രവർത്തനങ്ങളെക്കുറിച്ചായിരുന്നു അദ്ദേഹം പരിപാടിയിൽ ജനങ്ങളോട് സംസാരിച്ചത്
Discussion about this post